എന്നെ കണ്ടിട്ട് മമ്മൂക്ക കളിയാക്കിയത് കൊണ്ടാണ് ഞാന്‍ വണ്ണം കുറച്ചത്, നീ കഴിക്കുന്നതൊന്നും ഞാന്‍ കഴിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്: സീനത്ത്
Entertainment news
എന്നെ കണ്ടിട്ട് മമ്മൂക്ക കളിയാക്കിയത് കൊണ്ടാണ് ഞാന്‍ വണ്ണം കുറച്ചത്, നീ കഴിക്കുന്നതൊന്നും ഞാന്‍ കഴിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്: സീനത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th October 2022, 9:05 pm

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സീനത്ത്. നിരവധി സിനിമകളില്‍ അമ്മ, അമ്മായിഅമ്മ, നാത്തൂന്‍ എന്നിങ്ങനെ മികച്ച റോളുകളിലൂടെ സിനിമകളില്‍ നടി സജീവമായിരുന്നു. മമ്മൂട്ടിയുടെ റോഷാക്കില്‍ ഷറഫുദ്ദീന്റെ അമ്മയായി മികച്ച അഭിനയം സീനത്ത് കാഴ്ചവെച്ചിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി. മമ്മൂട്ടി പറഞ്ഞിട്ടാണ് താന്‍ വണ്ണം കുറച്ചതെന്നും മമ്മൂക്കയെ ആദ്യം കണ്ടപ്പോള്‍ സംസാരിക്കാന്‍ മടിയായിരുന്നെന്നും സീനത്ത് പറഞ്ഞു.

”മമ്മൂക്കയൊക്കെ ശരിക്കും പറയുകയാണെങ്കില്‍ സിനിമക്ക് വേണ്ടി ജീവിക്കുകയാണ്. എന്നെ അടുത്ത കാലത്ത് കണ്ടപ്പോള്‍ മമ്മൂക്ക കളിയാക്കിരുന്നു. എനിക്ക് നല്ല വണ്ണം ഉണ്ടായിരുന്നു. മമ്മൂക്ക കളിയാക്കിയത് കൊണ്ടാണ് ഞാന്‍ വണ്ണം കുറച്ചത്. കണ്ടപ്പോള്‍ എന്നെ ഭയങ്കരമായി കളിയാക്കി. എനിക്കും തോന്നി പിന്നെ തടിയുണ്ട് കുറക്കണമെന്ന്.

മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മനസ് ഭയങ്കര ചെറുതാണെങ്കിലും മുഖത്ത് ഭയങ്കര സീരിയസാണല്ലോ. എത്ര നമ്മളോട് അടുത്ത് പെരുമാറിയാലും മമ്മൂക്ക വരുമ്പോഴാണ് ശരിക്കും ഒരു നടന്‍ വരുന്ന പോലെ നമുക്ക് തോന്നുക. ഒരു സൂപ്പര്‍ സ്റ്റാര്‍ വരുന്നുവെന്ന് മനസില്‍ എപ്പോള്‍ കണ്ടാലും തോന്നും.

ഞാന്‍ ഒരു ദിവസം മമ്മൂക്കയോട് ചോദിച്ചു എങ്ങനെയാണ് മമ്മൂക്കക്ക് ഇത്ര സൗന്ദര്യം. മമ്മൂക്കയെന്താണ് അതിന് വേണ്ടി കഴിക്കുന്നതെന്ന്. അദ്ദേഹത്തിന് ഭയങ്കര സൗന്ദര്യമല്ലെ. പെട്ടെന്ന് പറഞ്ഞു നീ കഴിക്കുന്നതൊന്നും ഞാന്‍ കഴിക്കുന്നില്ലെന്ന്. അതിന് ശേഷം എനിക്ക് സംശയമായി അദ്ദേഹം നമ്മള്‍ കഴിക്കുന്നത് ഒന്നും കഴിക്കുന്നില്ലെയെന്ന്.

ഉച്ചക്ക് ഞാന്‍ നോക്കിയപ്പോള്‍ മമ്മൂക്കക്ക് കഴിക്കാന്‍ ഇഷ്ടം പോലെ ഭക്ഷണം കൊണ്ടു വന്നത് കണ്ടു. നിറയെ സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ചിട്ടുണ്ട്. ഇത്രം കഴിച്ചിട്ടാണോ ഒന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞതെന്ന് മനസില്‍ ഞാന്‍ വിചാരിച്ചു.

ഞാന്‍ നോക്കിയിരുന്നപ്പോഴാണ് കണ്ടത് ഓരോ സാധനവും അടുത്തുള്ളവര്‍ക്ക് അദ്ദേഹം കൊടുക്കുന്നുണ്ട്. ഓരോ കൊണ്ടുവന്ന സാധനത്തില്‍ നിന്നും ഇഷ്ടപ്പെട്ട കുറച്ച് എടുത്തിട്ട് അദ്ദേഹം കഴിക്കുന്നുണ്ട്. എല്ലാം കഴിക്കുന്നും ഉണ്ട് പക്ഷേ ഒരുപാട് കഴിക്കുന്നും ഇല്ല.

ആദ്യമായി മമ്മൂക്കയെ കണ്ടത് കെ.ജി. ജോര്‍ജിന്റെ മഹാനഗരം എന്ന സിനിമയിലാണ്. ഒരാളോട് അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ എനിക്ക് ഭയങ്കര മടിയാണ്. ചെന്ന് നമസ്‌കാരം പറയുകയും അവരോടുള്ള ഇഷ്ടം അറിയിക്കാനൊക്കെ എനിക്ക് ഭയങ്കര മടിയുണ്ട്. എല്ലാവരുടെ അടുത്ത് നിന്നും ഒതുങ്ങി നില്‍ക്കുന്ന ടൈപ്പാണ് ഞാന്‍.

അതുപോലെ മമ്മൂക്കയോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം എന്റെ മനസിലുണ്ട്. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയില്ല. അദ്ദേഹം മേക്കപ്പ് ഒക്കെ ചെയ്ത് അഭിനയിക്കാന്‍ പോയി വന്നിട്ടും ഞാന്‍ അടുത്ത് പോയില്ല.

പിന്നെ നോക്കുമ്പോള്‍ എന്റെ അടുത്ത് വന്ന് ഞാന്‍ മമ്മൂട്ടി എന്നെ അറിയുമോയെന്ന് ചോദിച്ചു. എനിക്കാകെ ടെന്‍ഷനായി ഞാന്‍ ചാടി എഴുന്നേറ്റ് നമസ്‌കാരം പറഞ്ഞു. ഞാന്‍ എന്റെ ഏട്ടത്തിയോട് പറഞ്ഞു എടീ മമ്മൂക്ക എന്റെ അടുത്ത് വന്നുവെന്നെല്ലാം എനിക്ക് അത്രയും സന്തോഷമായിരുന്നു,” സീനത്ത്.

content highlight: actress zeenath about mammootty