|

അത്രയും പ്രൊഫഷണല്‍ ആണ് അനശ്വര, വര്‍ക്കിങ് സ്‌റ്റൈല്‍ തന്നെ വ്യത്യസ്തമാണ്: സെറിന്‍ ഷിഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആട്ടം എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രമായെത്തി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച വെച്ച നടിയാണ് സെറിന്‍ ഷിഹാബ്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിലും ഒരു മികച്ച കഥാപാത്രമായി സെറിന്‍ എത്തിയിട്ടുണ്ട്.

രേഖാചിത്രത്തെ കുറിച്ചും നടി അനശ്വര രാജനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സെറിന്‍. വളരെ പ്രൊഫഷണലായ ഹാര്‍ഡ് വര്‍ക്കിങ് ആയ നടിയാണ് അനശ്വരയെന്ന് സെറിന്‍ പറയുന്നു. അനശ്വരയുടെ വര്‍ക്കിങ് സ്റ്റൈലിനെ കുറിച്ചും സെറിന്‍ സംസാരിച്ചു.

‘അനശ്വര വളരെ വളരെ പ്രൊഫഷണല്‍ ആണ്. ഒരുപാട് എക്‌സ്പീരിയന്‍സുള്ള അഭിനേതാക്കളുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ ഹാര്‍ഡ് വര്‍ക്കിങ് ആയിട്ടുള്ള വ്യക്തിയാണ് അനശ്വര.

ഷി ഈസ് സോ യങ്. വളരെ നേരത്തെ കരിയര്‍ തുടങ്ങിയ നടിയാണ് അവര്‍. പക്ഷേ ഇപ്പോഴും ആ കുട്ടിത്തം ഉണ്ട്. അത് വളരെ അഡോറബിള്‍ ആണ്.

എനിക്ക് തോന്നുന്നു അവളുടെ പ്രോസസ് ഒരു സ്യുച്ച് ഓണ്‍ സ്യുച്ച് ഓഫ് പോലെ ആയിരിക്കുമെന്നാണ്. കട്ട് വിളിച്ചാല്‍ അവള്‍ അനശ്വര ആകും.

എനിക്ക് അങ്ങനെ അല്ല. എനിക്ക് കുറച്ച് സമയം വേണ്ടി വരാറുണ്ട് ആ കഥാപാത്രത്തില്‍ നിന്ന് പുറത്തുവരാന്‍. ഞാന്‍ വല്ലാതെ ഇന്‍വോള്‍വ് ആകും.

പക്ഷേ ബാക്കിയുള്ളവരുടെ വര്‍ക്കിങ് സ്റ്റൈല്‍ കാണാന്‍ നല്ല രസമാണ്. ഞാന്‍ അത് ഒബ്‌സേര്‍വ് ചെയ്തിട്ടുണ്ടായിരുന്നു,’ സെറിന്‍ ഷിഹാബ് പറയുന്നു.

അഭിനയിച്ച ശേഷം മോണിറ്റര്‍ നോക്കുന്ന ശീലം തനിക്കുണ്ടായിരുന്നില്ലെന്നും അത് തന്നെ ബ്ലോക്ക് ചെയ്യുമെന്നാണ് കരുതിയിരുന്നതെന്നും താരം പറഞ്ഞു. രേഖാചിത്രത്തിലാണ് ആദ്യമായി താന്‍ മോണിറ്റര്‍ നോക്കി പ്ലേ ബാക്ക് കാണുന്നതെന്നും സെറിന്‍ പറഞ്ഞു.

‘രേഖാചിത്രത്തിലാണ് ഞാന്‍ എന്റെ റിയാക്ഷന്‍സ് മോണിറ്ററില്‍ പ്ലേ ബാക്കില്‍ കണ്ട് തുടങ്ങിയത്. അതൊരു പുതിയ എക്‌സ്പീരിയന്‍സ് ആയിരുന്നു.

മോണിറ്റര്‍ വന്ന് നോക്കിക്കോളൂ എന്ന് ജോഫിന്‍ പറയുന്നുണ്ടായിരുന്നു. വേണ്ട ഞാന്‍ നോക്കാറില്ലെന്ന് പറഞ്ഞു. നോക്കിക്കോളൂ, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞു.

അദ്ദേഹം എന്നോട് പറയുന്ന ഫീഡ് ബാക്ക് എന്താണെന്ന് മനസിലാകുമല്ലോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ നോക്കി. അത് എന്നെ ബ്ലോക്ക് ചെയ്യുമെന്നാണ് വിചാരിച്ചത്. പക്ഷേ അത് വളരെ സഹായകരമായി. ചിലപ്പോള്‍ അത് വര്‍ക്കാവില്ല. ചിലപ്പോള്‍ നമ്മളെ അത് സഹായിക്കും,’ സെറിന്‍ പറയുന്നു.

Content Highlight: Actress Zarin Shihab about Anaswara Rajan