| Friday, 7th May 2021, 3:47 pm

മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് പവിത്രം കാണുമ്പോഴെല്ലാം തോന്നിയിട്ടുണ്ട്; വിന്ദുജ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പവിത്രം എന്ന ഒറ്റസിനിമകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ ഇടംനേടിയ താരമാണ് വിന്ദുജ മേനോന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും വിന്ദുജയുടെ മീനാക്ഷിയെന്ന കഥാപാത്രത്തെ ആളുകള്‍ ഓര്‍മ്മിക്കുന്നുണ്ട്.

പവിത്രത്തിന് ശേഷം അത്ര ശക്തമായ ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പിന്നീട് സാധിച്ചിട്ടില്ലെങ്കിലും മീനാക്ഷിയെന്ന കഥാപാത്രത്തെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു എന്നറിയുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് വിന്ദുജ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ചേട്ടച്ഛന്റെ മീനാക്ഷിയെ ഇപ്പോള്‍ കാണുമ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നാണ് പവിത്രം കാണുമ്പോഴെല്ലാം തോന്നിയിട്ടുള്ളതെന്നാണ് വിന്ദുജയുടെ മറുപടി.

‘പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്.

ബാലതാരമായി രണ്ടുമൂന്നു സിനിമയില്‍ അഭിനയിച്ചെങ്കിലും ഒരു കൊച്ചുകുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങള്‍ മാത്രം അപ്പോള്‍ അറിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ സിനിമ എന്ന മാധ്യമത്തെ പൂര്‍ണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്.

സംവിധായകന്‍ രാജീവേട്ടനും ആ ടീമും തന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. പിന്നെ ചേട്ടച്ഛനായി ജീവിച്ച ലാലേട്ടന്‍. പവിത്രം പോലെ ഒരു സിനിമ പിന്നീട് വന്നില്ല. മീനാക്ഷിയെ പോലെ ഒരു കഥാപാത്രം ഇനി എപ്പോഴെങ്കിലും വരുമെന്നു വിശ്വസിക്കാനേ പറ്റൂ,’ വിന്ദുജ പറയുന്നു.

നൃത്തവും പാട്ടും പോലെയാണ് താന്‍ അഭിനയത്തെയും കാണുന്നതെന്നും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക എന്നതാണ് അന്നും ഇന്നും തുടരുന്നതെന്നും അതിനാലാണ് ഓടി നടന്നു അഭിനയിക്കാത്തതെന്നും വിന്ദുജ പറയുന്നു.

ഒന്നോ രണ്ടോ സീന്‍ മാത്രം ഉള്ള കഥാപാത്രം അവതരിപ്പിക്കാനാണ് മിക്കപ്പോഴും വിളിക്കുക. മുന്‍പ് അഭിനയിച്ചത് മുഴുനീള വേഷത്തിലോ പാട്ടുസീനിലോ ആയിരിക്കും. വളരെ കുറഞ്ഞുപോകുന്നുവോ എന്ന തോന്നലില്‍ പലപ്പോഴും വേണ്ടന്ന് വയ്ക്കാറാണ്.

എന്നാല്‍ ഇപ്പോഴത്തെ സിനിമയില്‍ മിക്ക താരങ്ങള്‍ക്കും ഒന്നോ രണ്ടോ സീന്‍ മാത്രമാണ്. അതുമായി പൊരുത്തപ്പെടാന്‍ സ്വയം പാകപ്പെടണം. കഥാപാത്രം സംതൃപ്തി തരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സീരിയലില്‍ നിന്നുള്ള വിളി മലേഷ്യയില്‍ നിന്നുള്ള എല്ലാ വരവിലും ഉണ്ടാവാറുണ്ട്. ഒരേ തരം കഥാപാത്രങ്ങള്‍ തന്നെ വരുന്നതിനാല്‍ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും. വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. അത് എത്രമാത്രം സാധിക്കുമെന്ന് അറിയില്ല,’ വിന്ദുജ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Vinduja Menon About Pavithram Movie and Mohanlal

We use cookies to give you the best possible experience. Learn more