മലയാള സിനിമയില്‍ മികച്ച തുടക്കം ലഭിച്ച നടിയാണ് വിന്‍സി അലോഷ്യസ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ വിന്‍സി മലയാളികള്‍ക്ക് സുപരിചിതയാണ്. ഏതു തരം വേഷവും ചെയ്തു ഫലിപ്പിക്കാനുള്ള വിന്‍സിയുടെ കഴിവാണ് രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് താരത്തിന് നേടിക്കൊടുത്തത്. ആദ്യമായി ചെയ്ത നായിക പ്രാധാന്യമുള്ള വേഷം വലിയ രീതിയില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുമ്പൊന്നും കാണാത്ത രീതിയിലായിരുന്നു രേഖയില്‍ വിന്‍സി പ്രത്യക്ഷപ്പെട്ടത്.
“ഞാന്‍ ചെയ്തത് അതേപോലെ അംഗീകരിച്ചേ പറ്റുള്ളൂ, എന്ന് പറഞ്ഞാല്‍ ഒരു പാരന്റ്സിനും അത് അംഗീകരിക്കാന്‍ പറ്റില്ല”, വിന്‍സി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ രേഖയ്ക്ക് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു വിന്‍സി.
ചിത്രത്തിലെ ഇന്റിമസി സീനുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഒന്നായിരുന്നു.
പാരന്റ്സിനെ കണ്‍വിന്‍സ് ചെയുന്നത് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, എന്നാല്‍ ആ രംഗം താന്‍ എന്തായാലും ചെയ്യുമെന്ന് ഉറപ്പിച്ചതായിരുന്നു എന്നാണ് വിന്‍സി പറയുന്നത്. ” പൊന്നാനി എന്ന ഒരു സാധാ പ്രദേശത്തിന്ന് വരുന്ന ആളാണ് ഞാന്‍, ഞാന്‍ ഇന്ഫ്ളുവെന്സ്ഡ് ആയത് അവിടെയുള്ള ആളുകളെയാണ്. ഞാന്‍ ഓരോന്നും ബ്രേക്ക് ചെയ്തു വരുമ്പോള്‍ അത് അക്സെപ്റ്റ് ചെയ്യാനുള്ള സമയം ഞാന്‍ എന്റെ പാരന്റ്സിനും നല്‍കണം “. അപ്പനും അമ്മയ്ക്കുമൊപ്പം രേഖ തിയേറ്ററില്‍ കണ്ട അനുഭവം പങ്കു വെക്കുകയാണ് വിന്‍സി.
“സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അവരാദ്യം എന്നോട് പറഞ്ഞത് ‘ഇനി മേലില്‍ ഇമ്മാതിരി സിനിമയില്‍ അഭിനയിക്കരുത് എന്നായിരുന്നു’. ഞങ്ങള്‍ ഒരുമിച്ചിരുന്നായിരുന്നു സിനിമ കണ്ടത്. ഞാന്‍ അങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കുമെന്ന് അവര്‍ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല .ഇന്റിമസി സീന്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്ര കടന്നു പോവുമെന്ന് അവര്‍ കരുതിയില്ല. അപ്പനും അമ്മയും വിഷമിക്കുന്നത് പോലെ തന്നെ അവരുടെ മുഖം കണ്ട് ഞാനും വിഷമിക്കുന്നുണ്ടായിരുന്നു, പക്ഷെ ഒരു പെര്‍ഫോമന്‍സ് എന്ന നിലയില്‍ നമ്മളത് ഇരുത്തി കാണിക്കണം. സംസ്ഥാന അവാര്‍ഡ് കിട്ടിയാല്‍ അപ്പന് അഭിപ്രായം മാറ്റുമോയെന്നു ചോദിച്ചപ്പോള്‍, സംസ്ഥാന അവാര്‍ഡ് അല്ല എന്ത് അവാര്‍ഡ് കിട്ടിയാലും ഇന്റിമേറ്റ് സീന്‍ ഇനി ചെയ്യരുതെന്ന നിലപാടിലാണ് അപ്പന്”, വിന്‍സി പറയുന്നു.
രേഖയിലെ വിന്‍സിയുടെ പ്രകടനത്തിന് വലിയ നിരൂപക പ്രശംസയും ലഭിച്ചിരുന്നു. രേഖ തന്നിലേക്ക് വന്നു ചേര്‍ന്നത് ഭാഗ്യമായിട്ടാണ് വിന്‍സി കരുതുന്നത്. വേറെ എന്തിനേക്കാളും പ്രകടനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന വിന്‍സി ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പോവാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlight : Actress Vincy Aloshious Speak About Her Scene In Rekha Movie