സിനിമ എന്നും പ്രചവാനാതീതമാണെന്ന് പറയുകയാണ് നടി വിന്‍സി അലോഷ്യസ്. വരുന്ന അവസരങ്ങള്‍ ഏത് നിമിഷവും നഷ്ടപ്പെടാമെന്നും അത്തരത്തില്‍ ചില അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. ഒരു സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചിട്ട് തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞെന്നും അത് തന്നെ വലിയ ഡിപ്രഷനിലേക്ക് തള്ളിവിട്ടുവെന്നുമാണ് വിന്‍സി പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്‍സി.
‘ ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങിത്തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതോടെ തടി തിരികെപ്പിടിക്കാന്‍ തുടങ്ങി.
ഡിപ്രഷനും ആങ്‌സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ‘വികൃതി’യിലേക്ക് വിളിക്കുന്നത്. സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അത് ഓക്കെയായി. ക്യാരക്ടര്‍ റോള്‍ ആണെന്നാണ് കരുതിയത്. പിന്നെയാണ് സൗബിന്റെ നായികയാണെന്ന് അറിഞ്ഞത്. സൗബിന്‍, സുരാജേട്ടന്‍, സുരഭി ലക്ഷ്മി അവരെല്ലാം ഉണ്ടായിരുന്നു. ആദ്യ പടം തിയേറ്റര്‍ ഹിറ്റാകണം എന്നായിരുന്നു സ്വപ്‌നം. പക്ഷേ ഹിറ്റായില്ല. എങ്കിലും ശ്രദ്ധിക്കപ്പെട്ടു. അതിനിടെ കൊവിഡ് കാലം വന്നു. ഉള്ള പ്രതീക്ഷയും പോയി’, വിന്‍സി പറയുന്നു.
റിയാലിറ്റി ഷോ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ ഒരുപാട് വരുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഒരു വര്‍ഷത്തേക്ക് ആരും തന്നെ വിളിച്ചില്ലെന്നും വിന്‍സി അഭിമുഖത്തില്‍ പറഞ്ഞു.
‘ റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനത്തെത്തി. അത്യാവശ്യം ആളുകളൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി. കേരളത്തിലുള്ളവരെല്ലാം ടെലിവിഷനിലൂടെ എന്നെ കണ്ടല്ലോ, ഇനി എന്തായാലും സിനിമയിലേക്ക് വിളി വരും എന്നായിരുന്നു എന്റെ വിചാരം. ഒരു വര്‍ഷത്തോളം കാത്തിരുന്നു. അതിനിടെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പരസ്യചിത്രത്തിലേക്ക് വിളിച്ചു.
അവിടെ ചെന്നപ്പോള്‍ ആകെ വണ്ടറടിച്ചു പോയി. മഞ്ജു വാര്യര്‍ക്കൊപ്പമാണ് അഭിനയിക്കേണ്ടത്. ക്യാമറ ചെയ്യുന്നത് ജോമോന്‍ ടി. ജോണ്‍ ആണ്. എനിക്ക് ആകെ പേടിയായി. അതിനിടെ മഞ്ജു ചേച്ചിയോട് സംസാരിച്ചു. എന്നെ ടി.വിയില്‍ കണ്ടിട്ടുണ്ടെന്നും അവരുടെ അമ്മയ്ക്കും എന്നെ ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞു. അത് അറിഞ്ഞപ്പോള്‍ സന്തോഷമായി.
എന്നാല്‍ സ്‌റ്റേജില്‍ പതര്‍ച്ചയൊന്നുമില്ലാതെ അഭിനയിച്ച ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ പെട്ടു. 24 ടേക്ക് വരെയൊക്കെ എടുത്ത് എല്ലാവരുടേയും ക്ഷമ പരീക്ഷിച്ചു. പേടി കയറിയാല്‍ കയ്യീന്ന് പോകുമെന്ന പാഠം അതോടെ ഞാന്‍ പഠിച്ചു,’ വിന്‍സി പറയുന്നു.
Content Highlight: Actress Vincy aloshious share a bad experiance she faced on a cinema