തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ഓള്‍ട്ടോ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ഈ സിനിമയില്‍.
ഭീമന്റെ വഴി, ജന ഗണ മന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിന്‍സി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 1744 വൈറ്റ് ഓള്‍ട്ടോ.
തിരക്കഥപോലും കേള്‍ക്കാതെയാണ് താന്‍ ഈ സിനിമ തിരഞ്ഞെടുത്തതെന്ന് പറയുകയാണ് വിന്‍സി. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തില്‍ 1744 എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.
തിരക്കഥ പോലും കേള്‍ക്കാതെ സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം സെന്ന ഹെഗ്ഡെ എന്ന സംവിധായകനാണെന്നും വിന്‍സി പറഞ്ഞു.
‘തിങ്കളാഴ്ച്ച നിശ്ചയം എന്ന ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയ സിനിമ കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പലപ്പോഴും സുഹൃത്തുക്കളോടും മറ്റും ഇതേ ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും അത് സാധ്യമകുമെന്ന് കരുതിയില്ല. അപ്രതീഷിതമായി ഒരു ദിവസം സെന്ന ഹെഗ്ഡെയുടെ ഫോണ്‍ വന്നപ്പോള്‍ തിരക്കഥ പോലും കേള്‍ക്കാതെ ഞാന്‍ ആ സിനിമ തിരഞ്ഞെടുക്കുകയായിരുന്നു,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
കൃത്യമായി മലയാളം പോലും അറിയാത്ത ഒരാള്‍ മലയാളത്തില്‍ ഇത്രയും മനോഹരമായ സിനിമകള്‍ ചെയ്യുന്നതിന്റെ അത്ഭുതവും വിന്‍സി അഭിമുഖത്തില്‍ പങ്കുവെച്ചു.
പ്രേക്ഷകര്‍ എന്തിന് ഈ സിനിമ കാണണമെന്ന ചോദ്യത്തിന് സെന്ന ഹെഗ്ഡെ തന്നെയാണ് സിനിമ കാണാനുള്ള ആദ്യ കാരണമെന്നായിരുന്നു വിന്‍സിയുടെ മറുപടി. മലയാളത്തിലെ പ്രമുഖ താരനിര അഭിനയിക്കുന്നു എന്നതും സിനിമ കാണാനുള്ള കാരണമാണെന്നും വിന്‍സി പറഞ്ഞു.
സിങ്ക് സൗണ്ടില്‍ പൂര്‍ത്തിയാക്കിയ സിനിമ ആയതിനാല്‍ താനിതുവരെ സിനിമ കണ്ടിട്ടില്ലെന്നും സിനിമയുടെ വിജയ പരാജയത്തെക്കുറിച്ച് ആശങ്കയില്ലെന്നും വിന്‍സി പറഞ്ഞു. സെന്ന ഹെഡ്ഡെയുടെ പത്മിനി എന്ന അടുത്ത ചിത്രത്തിലും വിന്‍സി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Actress Vincy Aloshious about why he choose 1744 White Alto Movie