| Friday, 18th November 2022, 12:18 pm

ഞാന്‍ പൃഥ്വി നില്‍ക്കുന്ന ഭാഗത്തേക്ക് പോകാനോ മിണ്ടാനോ നിന്നിട്ടില്ല: പുള്ളി ഒറ്റ ഷോട്ടില്‍ ഡയലോഗ് പറയുന്നത് തലേദിവസം കുത്തിയിരുന്ന് പഠിച്ചിട്ടായിരിക്കും: വിന്‍സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിങ്കളാഴ്ച്ച നിശ്ചയമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം സെന്ന ഹെഗ്ഡെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 1744 വൈറ്റ് ഓള്‍ട്ടോ തിയേറ്ററിലെത്തിയിരിക്കുകയാണ്.

രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ്, ഷറഫുദീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

നായിക നായകന്‍ എന്ന ടി.വി പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ്. വികൃതി, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകള്‍ എന്നീ ചിത്രങ്ങളിലും വിന്‍സി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

1744 വൈറ്റ് ഓള്‍ട്ടോ എന്ന സിനിമയുടെ ഭാഗമായി ബിഹൈന്‍ വുഡ്സിനോട് സംസാരിക്കുകയാണ് താരം. അഭിമുഖത്തിനിടെ നടന്‍ പൃഥ്വിരാജിനെ കുറിച്ചും വിന്‍സി സംസാരിക്കുന്നുണ്ട്.

ജന ഗണ മന എന്ന ചിത്രത്തിലാണ് വിന്‍സി ആദ്യമായി പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ ഡയലോഗ് പഠിക്കുന്നതില്‍ ജീനിയസാണെന്നും നമ്മള്‍ എട്ട് ദിവസം കൊണ്ട്  പഠിക്കുന്നത്  പുള്ളി അരമണിക്കൂര്‍ കൊണ്ട് പഠിക്കുമെന്നുമാണ് വിന്‍സി പറയുന്നത്.

‘ ജന ഗണ മനയിലെ ജനപ്രിയമായ കോര്‍ട്ട് ഡ്രാമ സീനില്‍  പറയുന്ന മുഴുനീള ഡയലോഗ് പുള്ളി ഒറ്റ ഷോട്ടില്‍ പറഞ്ഞതാണ്. ഒരുപാട് ഷോട്ടുകള്‍ ഇതുപോലെ പറഞ്ഞിട്ടുണ്ട്. ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്നൊക്കെ പറയുന്ന സീനില്ലേ. ഒരു ഷോട്ടില്‍ പറഞ്ഞു തീര്‍ത്തതാണ്.

അതുപോലെ ഒരുപാട് ഷോട്ടുകള്‍. തലേ ദിവസം കുത്തിയിരുന്ന് പഠിക്കുന്നതാണെന്ന് തോന്നുന്നു, പിന്നെ ഞാനൊക്കെ അങ്ങനെ ഇരുന്ന് പഠിച്ചാല്‍ പോലും അതുപോലെ പറയാന്‍ പറ്റില്ല,’ എന്നായിരുന്നു വിന്‍സിയുടെ കമന്റ്.

ഇതിനെക്കുറിച്ച്  പൃഥ്വിരാജിനോട് ചോദിച്ചിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അന്നൊക്കെ പുള്ളി അടുത്തുകൂടി പോകുമ്പോള്‍ തന്നെ ടപ് ടപ് എന്ന് നെഞ്ചിടിക്കുമെന്നുമായിരുന്നെന്നും സ്‌കൂളിലെ ടീച്ചറുമാരെ കാണുന്നതുപോലെയുള്ള ഫീലായിരുന്നെന്നും വിന്‍സി പറഞ്ഞു.

‘ പൃഥ്വി അടുത്തുകൂടി പോകുമ്പോള്‍ തന്നെ നെഞ്ചിടിപ്പാണ്. എന്തിനാണെന്ന് അറിയില്ല, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, അതുകൊണ്ടു തന്നെ ആ സൈഡിലേക്ക് പോകാനോ മിണ്ടാനോ പോയിട്ടില്ല,’ എന്നായിരുന്നു വിന്‍സിയുടെ മറുപടി.

ഡിജോ ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ്, സുരാജ് വെഞ്ഞാന്‍മൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജന ഗണ മന.

Content Highlight: Actress Vincy Aloshious about Prithviraj

We use cookies to give you the best possible experience. Learn more