| Wednesday, 4th May 2022, 1:23 pm

ജന ഗണ മനയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ട്; സിനിമ മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ജനങ്ങളാണ്: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. പൃഥിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ വിന്‍സി അലോഷ്യസും ധന്യ അനന്യയും സുപ്രധാനമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കയ്യടി നേടിയേക്കാവുന്ന പല രംഗങ്ങളിലും വിന്‍സി ഭാഗമായിട്ടുമുണ്ട്. ഗൗരി എന്ന കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് വിന്‍സി അവതരിപ്പിച്ചിരിക്കുന്നത്. ജന ഗണ മനയുടെ ഭാഗമായതിനെ കുറിച്ചും ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ചുമൊക്കെ സംസാരിക്കുയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി.

നമ്മുടെ രാജ്യത്ത് നടന്ന, നടന്നുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളെയാണ് ജന ഗണ മന ചോദ്യം ചെയ്യുന്നതെന്നും ജന ഗണ മന എന്ന സിനിമ ഒന്നിനുമുള്ള ഉത്തരമല്ല നല്‍കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നുമാണ് വിന്‍സി പറയുന്നത്. ചിത്രം മുന്നോട്ടുവെച്ച ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കേണ്ടത് ജനങ്ങളാണെന്നും വിന്‍സി പറഞ്ഞു.

‘ഡിജോയുടെ ആദ്യ സിനിമയായ ക്വീന്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമുണ്ട്. ഒരു പെണ്‍കുട്ടിയ്ക്ക് രാത്രി പുറത്തിറങ്ങാവുന്ന സമയവുമായി ബന്ധപ്പെട്ട്. ക്വീന്‍ ഒരൊറ്റ കാരണത്തെ ചോദ്യം ചെയ്യുകയാണെങ്കില്‍ ജന ഗണ മന നമ്മുടെ രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളേയും ചോദ്യം ചെയ്യുകയാണ്. ഇതില്‍ ഒരു ഉത്തരം ഞങ്ങള്‍ കണ്ടെത്തുന്നില്ല. പല ചോദ്യങ്ങളും ഉയര്‍ത്തുകയാണ്. ഇതിന്റെ ഉത്തരങ്ങള്‍ പറഞ്ഞുതരേണ്ടത് ജനങ്ങളാണ്,’ വിന്‍സി പറഞ്ഞു.

ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ചും താരം സംസാരിച്ചു. ‘ജന ഗണ മനയില്‍ ഓര്‍ത്തിരിക്കുന്ന പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ച് പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍. എന്റെ മൈന്‍ഡില്‍ സ്റ്റക്കായി ഇരിക്കുന്ന ഒരു കാര്യമുണ്ട്. പൃഥ്വി അഭിനയിക്കാനായി വരുന്നു. കൂളായിട്ട് ചെയ്യുന്നു. പോകുന്നു. നമുക്കൊന്നും ഒരു ഡയലോഗ് ഒറ്റ ടേക്കില്‍ പറയാന്‍ പറ്റില്ല. വലിയ സീനൊക്കെ വണ്‍ ടേക്കാണ്. പ്രത്യേകിച്ച് ആ കോടതിയിലെ രംഗമൊക്കെ.

കോടതിയില്‍ മലയാളം അറിയാത്തവരും എല്ലാം ഉണ്ട്. അവരൊക്കെ പൃഥ്വിയുടെ പെര്‍ഫോമന്‍സ് കണ്ട് കയ്യടിച്ചു പോയി. അത്രയ്ക്ക് ഗംഭീരമായിരുന്നു. കട്ട് വിളിച്ചാല്‍ നമ്മള്‍ നോര്‍മലി പറയുക നമ്മള്‍ അതില്‍ സസ്റ്റൈന്‍ ചെയ്യണമെന്നാണ്. എന്നാല്‍ അതൊന്നും ആലോചിക്കാതെ കട്ട് വിളിച്ച അപ്പോള്‍ തന്നെ ആളുകള്‍ ക്ലാപ്പ് ചെയ്യുകയാണ്. കാരണം അത് അങ്ങനത്തെ ഒരു വണ്‍ ഷോട്ടായിരുന്നു. വലിയ ഷോട്ടായിരുന്നു. അദ്ദേഹത്തിന്റെ ഡലയോഗ് ഡെലിവറിയും മോഡുലേഷനും ഒക്കെ ഭയങ്കരമായിരുന്നു, വിന്‍സി അലോഷ്യസ് പറഞ്ഞു.

ചിത്രത്തില്‍ പൃഥ്വിയുമായി കോമ്പിനേഷന്‍ ഇല്ല. പുള്ളി വണ്‍ മാന്‍ ഷോ ആണ്. കൂടുതല്‍ സീനും സുരാജേട്ടനും മംമ്തയുമായിട്ടാണ്. രാജു ചേട്ടന്‍ നെടുങ്കന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്നത് നോക്കി നിന്നിട്ടുണ്ട്. സുരാജേട്ടനും അതുപോലെ തന്നെ. ഭയങ്കര എനര്‍ജിയാണ്.

ജന ഗണ മനയില്‍ സുരാജും പൃഥ്വിരാജുമൊക്കെയുണ്ടെങ്കിലും ഞാന്‍ ചെയ്ത കഥാപാത്രത്തില്‍ എനിക്ക് അഭിമാനമുണ്ട്. റോക്കി ഭായിയെ പോലെയൊന്നുമല്ലെങ്കിലും എനിക്ക് കിട്ടിയ കുറച്ച് മാസ്സ് സീനുകള്‍ ഉണ്ട്. സിനിമ സംസാരിക്കുന്ന വിഷയത്തിനാണ് പ്രധാന്യം. അതില്‍ സ്റ്റുഡന്‍സിന്റെ ഇമോഷന്‍സുണ്ട്. ജസ്റ്റിസ് വേണ്ടി നില്‍ക്കുന്ന ഫയര്‍ ഉണ്ട്. അതാണ് മാസ്സ്. ജന ഗണ മനയില്‍ നമ്മള്‍ മാസ്സാകുന്നത് കണ്ടന്റ് കൊണ്ടാണ്, വിന്‍സി പറഞ്ഞു.

Content Highlight: Actress Vincy Aloshious About Jana gana Mana Movie

Latest Stories

We use cookies to give you the best possible experience. Learn more