തന്റെ ഐഡിയോളജികള്‍ മാറിക്കൊണ്ടേയിരിക്കുമെന്നും സത്യസന്ധതയാണ് തന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് തോന്നിയിട്ടുണ്ടെന്നും നടി വിന്‍സി അലോഷ്യസ്. താനൊരുപാട് മാറിയെന്നും അത്രക്കൊന്നും സത്യസന്ധമാവേണ്ടയെന്ന് തനിക്കിപ്പോള്‍ തോന്നുന്നുവെന്നും നടി പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ എന്റെ ഐഡിയോളജികള്‍ മാറിക്കൊണ്ടേയിരിക്കും. എനിക്കിന്നുള്ള ഐഡിയോളജി ആയിരിക്കില്ല നാളെയുണ്ടാവുക. ഞാനൊരു ഓന്താണോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ സത്യസന്ധതയാണ് എന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്കതൊരു ക്വാളിറ്റിയായിട്ട് തോന്നുന്നില്ല.
ഞാന്‍ ആളുകളോട് വളരെ എംപതിയോടെ ഇടപെട്ടയൊരാളായിരുന്നു. പക്ഷേ ഞാനെന്ത് പ്രവര്‍ത്തി ചെയ്യുമ്പോഴും അത് മറ്റുളളവര്‍ക്ക് വിഷമമാവുമോ എന്ന് എപ്പോഴും ആലേിചിച്ചിരുന്നു. അത്രക്കൊന്നും സത്യസന്ധമാവേണ്ടയെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.
വളരെ തുറന്ന് സംസാരിക്കുന്ന ഒരു പ്രകൃതമുള്ളൊരാളാണ് ഞാന്‍. ഇപ്പോള്‍ ഞാനൊരുപാട് മാറി. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമാണിപ്പോള്‍ ചെയ്യാറ്. ഞാന്‍ എന്റേതായ നിമിഷങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും, ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുന്നു.
ഞാന്‍ വേറെയാരെപ്പറ്റിയും അധികം ചിന്തിക്കുന്നില്ല. മറ്റുള്ളവര്‍ എന്നെയെങ്ങനെ കാണുന്നു, മറ്റുള്ളവര്‍ എന്നെക്കുറിച്ചോര്‍ത്ത് ഹാപ്പിയാണോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഞാനൊരുപാട് ഓവര്‍തിങ്ക് ചെയ്തിരുന്നു, ‘ വിന്‍സി പറഞ്ഞു.
തന്റെ അച്ഛനും അമ്മയും തന്നെയോര്‍ത്ത് ഒരുപാട് വിഷമിച്ചിരുന്നുവെന്നും അത് കണ്ട് താനും വിഷമിച്ചത് കൊണ്ട് രേഖ എന്ന സിനിമയുടെ സമയത്ത് തനിക്ക് എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
‘ ഞാന്‍ എന്നേക്കാള്‍ മറ്റുള്ളവരെപ്പറ്റി ചിന്തിച്ചിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടെയും കാര്യത്തിലായാലും അത് തന്നെയാണ് സ്ഥിതി. അവരെപ്പോഴും എന്നെപ്പറ്റിയെന്ത് വിചാരിക്കുമെന്നാണ് ഞാന്‍ ആലോചിച്ചിരുന്നത്.
രേഖ എന്ന സിനിമയുടെ സമയത്ത് അമ്മയും അച്ഛനും എന്നെയോര്‍ത്ത് ഒരുപാട് ടെന്‍ഷന്‍ ആവുകയും വിഷമിക്കുകയും ചെയ്തിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും വിഷമമായിരുന്നു. ഞാന്‍ ചെയ്തത് ശരിയായ കാര്യമാണ്. അതിലെനിക്ക് നല്ല ബോധ്യമുണ്ട്.
ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്യേണ്ട സമയമായിരുന്നു അത്. പക്ഷേ ഞാന്‍ വെറുതേ വിഷമിച്ചിരുന്ന് സെറ്റിലുള്ള ആളുകളെയും കൂടെ വിഷമിപ്പിച്ചു, ‘ വിന്‍സി പറഞ്ഞു.
Content Highlights: Actress Vincy Aloshious about herself and Rekha movie