മറ്റൊരു നടിക്കായി പറഞ്ഞുവെച്ച റോളായിരുന്നു രേഖയിലേതെന്ന് നടി വിന്‍സി അലോഷ്യസ്. 2022 ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു വിന്‍സി.
‘മറ്റൊരു നടിക്ക് വെച്ച റോളാണ് ഇത്. ആ നടി ഓക്കെ പറയാതിരിക്കുകയും എന്നിലേക്ക് വരികയുമാണുണ്ടായത്. എല്ലാം ഭാഗ്യമാണ്.
ഈ കഥാപാത്രം ഒരു വെല്ലുവിളി ആയിരുന്നില്ല. ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുകയും കഷ്ടപ്പെട്ട് അഭിനയിച്ചു എന്ന് തോന്നുകയും ചെയ്‌തൊരു കഥാപാത്രം,’ വിന്‍സി പറഞ്ഞു.
നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രകടനത്തിന് മമ്മൂട്ടിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ എന്നിവര്‍ക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ന്നാ താന്‍ കേസ് കൊട്, അപ്പന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് യഥാക്രമം ഇരുവര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. അറിയിപ്പ് എന്ന ചിത്രത്തിനാണ് മഹേഷ് നാരായണന് പുരസ്‌കാരം ലഭിച്ചത്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മികച്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.
Content Highlight: Actress Vincy Alocious said that the role in rekha was written for another actress