കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്ററില്ല, നെറ്റ്ഫ്‌ളിക്‌സില്‍ വന്നിട്ട് പോലും ആ പടം ആളുകളിലേക്ക് എത്തിയില്ല: വിന്‍സി അലോഷ്യസ്
തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് രേഖയെ കുറിച്ച് നടി വിന്‍സി വിശേഷിപ്പിക്കാറ്. രേഖയിലെ അഭിനയത്തിന് വിന്‍സി കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.
എന്നാല്‍ തനിക്ക് അവാര്‍ഡ് കിട്ടുന്നതുവരെ ആ പടം അര്‍ഹിച്ച രീതിയില്‍ ആളുകളിലേക്ക് എത്തിയിട്ടില്ലെന്ന് പറയുകയാണ് താരം. നെറ്റ്ഫ്‌ളിക്‌സില്‍ വന്നിട്ട് പോലും ശ്രദ്ധിക്കപ്പെട്ടില്ലെന്നും കളിച്ച തിയേറ്ററില്‍ പോലും പടത്തിന്റെ പോസ്റ്റര്‍ ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ ‘ എ ഇയര്‍ ഓഫ് ഹോപ്പ് ‘ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിന്‍സി.
‘ കൊവിഡിന്റെ സമയത്തൊന്നും എനിക്ക് പടമേയില്ല. ആ സമയത്താണ് ജന ഗണ മന ചെയ്യുന്നത്. എന്റെ രണ്ടാമത്തെ സിനിമായായിരുന്നു അത്. ഒരുപാട് സമയമെടുത്താണ് ഒരു സിനിമ കിട്ടുന്നത്. അതിനിടയിലും ബ്രേക്ക് വന്നു.
സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ എനിക്കൊരു പസില്‍ പോലെ എല്ലാം കണക്ട് ആയി വരുമായിരുന്നു. എല്ലാം അതിന്റേതായ സമയത്ത് സംഭവിക്കുമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അത്ര വിഷമത്തില്‍ ആയിരുന്നില്ല. രേഖ വേറൊരു നടിക്ക് പോയ സിനിമയായിരുന്നു. അവര്‍ അത് വേണ്ടെന്ന് വെച്ചു. എനിക്കത് ഓക്കെയായി. അങ്ങനെ നോക്കുമ്പോള്‍ കൃത്യസമയത്ത് എനിക്ക് വന്ന സിനിമയായിരുന്നു അത്. കഥ കേട്ട സമയത്ത് തന്നെ അടിപൊളി എന്ന ഫീലിങ് വന്നു. അങ്ങനെയാണ് ചെയ്യുന്നത്.
ഇത് കഴിഞ്ഞിട്ടും എനിക്ക് കുറേ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ പടത്തിന് ട്രെയിലറൊക്കെ സിനിമയിലുള്ള എന്റെ ഒരുവിധപ്പെട്ട സുഹൃത്തുക്കളെല്ലാം ഷെയര്‍ ചെയ്തു. എന്നിട്ട് പോലും അത് ആള്‍ക്കാരിലേക്ക് എത്തിയിരുന്നില്ല.
ഞാന്‍ കഷ്ടപ്പെട്ട് ഓരോരുത്തരെ വിളിച്ച് ഷെയര്‍ ചെയ്യിപ്പിച്ചിരുന്നു. എന്തിന് നെ്റ്റ്ഫ്‌ളിക്‌സില്‍ വന്നിട്ടും ശ്രദ്ധിക്കപ്പെട്ടില്ല. മെന്റലി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് പണിയെടുത്ത് സ്‌ട്രെസ് എടുത്ത് ചെയ്ത പടം എവിടെയും എത്താതാകുമ്പോള്‍ ഉള്ള വിഷമമുണ്ട്.
ക്വാളിറ്റിയില്ലാത്ത പടമാണെങ്കില്‍ അത് വിചാരിക്കാം. നമുക്ക് ഏകദേശം ഒരു ഡബ്ബിങ് സ്റ്റേജില്‍ സിനിമയുടെ വിജയ പരാജയമൊക്കെ അറിയാന്‍ പറ്റും. കയ്യില്‍ നിന്ന് പോയോ ഇല്ലയോ എന്നെല്ലാം. എല്ലാം കൊണ്ടും അടിപൊളിയെന്ന് തോന്നിയ പടം എന്തുകൊണ്ട് ആള്‍ക്കാരിലേക്ക് എത്തിയില്ല, കുറേയാള്‍ അറിയുന്നില്ല എന്നൊക്കെ തോന്നി. പടം ഫ്‌ളോപ്പായെന്ന തോന്നലായിരുന്നു അപ്പോള്‍.
ഞാന്‍ പ്രൊഡക്ഷന്‍ സൈഡിന്റെ കാര്യം എങ്ങനെയാണെന്ന് നോക്കി. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്ററില്ല. അപ്പോള്‍ ആരുടെ ഭാഗത്ത് നിന്നുള്ള ഫോള്‍ട്ടാണ് ഇത്. ഇത്രയും ചെയ്തിട്ടുണ്ടെങ്കില്‍ ഇത് എവിടെയെങ്കിലും എത്തുമെന്ന് തോന്നിയിരുന്നു. അതിന്റെ അവസാന ഉത്തരമായിരുന്നു സ്റ്റേറ്റ് അവാര്‍ഡ്. അതുകൊണ്ട് കേരളം മൊത്തം ഇതറിഞ്ഞു. അതിന് ശേഷം ആളുകള്‍ ഇത് കണ്ടുതുടങ്ങി.
പത്രത്തില്‍ വിന്‍സിക്ക് അവാര്‍ഡ് കിട്ടിയത് രേഖ എന്ന സിനിമയ്ക്കാണെന്ന് വന്നപ്പോള്‍ അത് ആള്‍ക്കാരിലേക്ക് എത്തി. രേഖ കൃത്യസമയത്ത് ഞാന്‍ ചെയ്തു എന്നാണ് വിശ്വസിക്കുന്നത്,’ വിന്‍സി പറഞ്ഞു.
Content Highlight: Actress Vincy about Rekha movie promotion issue and her award