ഞാന്‍ നോക്കുമ്പോള്‍ ചാക്കോച്ചനുണ്ട്, പൃഥ്വിയുണ്ട്, നിവിനുണ്ട്, എന്നാ പിന്നെ അഭിനയിച്ചേക്കാം, ഇതായിരുന്നു ലൈന്‍: വിന്‍സി
Movie Day
ഞാന്‍ നോക്കുമ്പോള്‍ ചാക്കോച്ചനുണ്ട്, പൃഥ്വിയുണ്ട്, നിവിനുണ്ട്, എന്നാ പിന്നെ അഭിനയിച്ചേക്കാം, ഇതായിരുന്നു ലൈന്‍: വിന്‍സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th November 2023, 1:52 pm

തങ്ങളിലേക്കെത്തുന്ന സ്‌ക്രിപ്റ്റുകളില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് എന്തെല്ലാം ഘടകങ്ങള്‍ പരിശോധിച്ചിട്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി വിന്‍സി അലോഷ്യസ്.

ഇത്രയും കാലം സിനിമ തിരഞ്ഞെടുത്തിരുന്നത് തനിക്കൊപ്പം ആരൊക്കെ ആ സിനിമയില്‍ ഉണ്ടെന്ന് കൂടി നോക്കിയിട്ടായിരുന്നു എന്നാണ് താരം പറയുന്നത്. കരിയറിന്റെ തുടക്കം മുതല്‍ രേഖ വരെ താന്‍ ആ രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്നും എന്നാല്‍ രേഖയുടെ കഥ കേട്ടപ്പോള്‍ മറ്റാരൊക്കെയുണ്ടെന്ന് നോക്കാതെ തന്നെ ആ പടം ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും താരം പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്ത് സംഘടിപ്പിച്ച എ ഇയര്‍ ഓഫ് ഹോപ്പ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിന്‍സി.

‘ സിനിമ വര്‍ക്കാവുമോ എന്ന് ജഡ്ജ് ചെയ്യാനും ക്യാരക്ടര്‍ വര്‍ക്കാവുമോ എന്ന് ജഡ്ജ് ചെയ്യാനും തുടക്കസമയം മുതല്‍ തന്നെ അറിയില്ലായിരുന്നു. ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. എങ്ങനെയാണ് സെലക്ട് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.

വികൃതി ചെയ്ത സമയത്ത് ആ സിനിമയില്‍ സൗബിക്കയും സുരേജേട്ടനുമുണ്ട്. അപ്പോള്‍ സെറ്റ് പോകാമെന്ന് കരുതി. ജന ഗണ മന ചെയ്യുമ്പോള്‍ സുരേജേട്ടനും പൃഥ്വിരാജ് ചേട്ടനുമുണ്ട്. കനകം ചെയ്യുമ്പോള്‍ നിവിന്‍ പോളിയും അവാര്‍ഡ് കിട്ടിയ രതീഷ് ബാലകൃഷ്ണ പൊതുവാളും ഉണ്ട്.

പിന്നെ ഭീമന്റെ വഴി നോക്കുമ്പോള്‍ ചാക്കോച്ചന്‍ ഉണ്ട്. ടെക്‌നിക്കല്‍ സൈഡില്‍ ഗിരീഷ് ഗംഗാധരനും ഉണ്ട്. ഇതൊക്കെ ഗൂഗിള്‍ നോക്കിയിട്ട് ഒരുവിധം ചെയ്ത സിനിമകളാണ്. ഞാന്‍ ആദ്യമായിട്ട് സ്വന്തമായി കഥ കേട്ട് എടുത്ത മൂവിയാണ് രേഖ.

വേറെ ആരും അതിലില്ല. ഉണ്ണിയുണ്ട്. അവനെപ്പോലും ആ സമയത്ത് എനിക്ക് അറിയില്ല. ചെയ്യാമെന്നൊരു ധൈര്യം വന്നു. അന്ന് തൊട്ട് ചെയ്ത എല്ലാ സിനിമയും ആ ധൈര്യത്തിലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴും അതിന്റെ റിസള്‍ട്ട് അറിയില്ല.

ഞാന്‍ സെലക്ട് ചെയ്യുന്ന രീതി കറക്ട് ആണോ എന്നറിയില്ല. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് വശം കെട്ടിരുന്നു. ഹാപ്പിയായി ചെയ്ത സിനിമയാണത്. അതിന്റെ റിസള്‍ട്ട് പതിനേഴാം തിയതി അറിയാം. അതിന് ശേഷമേ എന്റെ തീരുമാനം ശരിയായോ എന്ന് അറിയാന്‍ പറ്റൂ. എന്റെ ലൈക്കബിളിറ്റി ആള്‍ക്കാര്‍ക്ക് എങ്ങനെ വര്‍ക്കാവുന്നു എന്ന് ഇനി അറിയാന്‍ പോകുന്നതേയുള്ളൂ, ‘ വിന്‍സി പറഞ്ഞു.

എന്നാല്‍ ചില സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഭയങ്കര രസമായി നമുക്ക് തോന്നുമെന്നും നൂറ് ശതമാനം വര്‍ക്കാവുമെന്ന് വിചാരിക്കുമെന്നും പക്ഷേ ചിലപ്പോള്‍ അത് ആ രീതിയില്‍ വര്‍ക്കാവില്ലെന്നുമായിരുന്നു ഇതിനോടുള്ള നടി രജിഷ വിജയന്റെ മറുപടി.

പിന്നെ കുറേ കാരണങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ ഒരു സിനിമ നന്നായാലും ഓടില്ല, ഇറക്കിയ സമയത്തിന്റേതാവും അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ആവും. വര്‍ക്കാവാതെ ഇരിക്കുമ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആണ്. എന്ത് ക്രൈറ്റീരിയ വെച്ച് സെലക്ട് ചെയ്യണമെന്നത് കണ്‍ഫ്യൂഷനാണ്.

എല്ലാവര്‍ക്കും ആ കണ്‍ഫ്യൂഷന്‍ ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. കുറച്ചുകൂടി ശ്രദ്ധിച്ച് സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. ഇന്നത്തെ പ്രേക്ഷകന്റെ ചോയ്‌സും അവര്‍ ഇഷ്ടപ്പെടുന്നത് എന്താണെന്നും അറിഞ്ഞ് അത് ഒത്തുവരുന്നുണ്ടോ എന്ന് നോക്കുക,’ രജിഷ പറഞ്ഞു.

Content Highlight: Actress Vincy about her Movie Selection Criteria