സിനിമയിലേക്ക് വന്നതിനുശേഷം പലരും തന്നോട് പറഞ്ഞ കമന്റുകളെ കുറിച്ച് പറയുകയാണ് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ പെണ്‍കുട്ടികള്‍ സേഫല്ലെന്നാണ് പൊതുവെ അവര്‍ കരുതുന്നതെന്നും അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലരും ചോദിക്കാറുണ്ടെന്നും വിന്‍സി പറഞ്ഞു.
താന്‍ ആദ്യമായി ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നത് നായിക നായകന്‍ പരിപാടിയുടെ ഷൂട്ടിന് പോയപ്പോഴാണെന്നും എന്നാല്‍ അന്ന് അതിനെ കുറിച്ചൊന്നും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു എന്നും താരം പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ ആദ്യം എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഇന്ന് നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി പറഞ്ഞു. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും താരം പങ്കുവെച്ചു.
‘നായിക നായകനില്‍ ഞാന്‍ പോയ കാര്യം ഷൂട്ട് നടക്കുമ്പോള്‍ പോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. പിന്നെ ടെലികാസ്റ്റിങ് അടുത്തപ്പോഴാണ് വീട്ടില്‍ പറഞ്ഞത്. ആദ്യം അവര്‍ സമ്മതിച്ചില്ല. വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. പെര്‍ഫോമന്‍സ് കണ്ട് ആളുകള്‍ അഭിപ്രായം പറഞ്ഞ് തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ ഓക്കെയായത്.
ഇപ്പോള്‍ വീട്ടുകാര്‍ പറയുന്നത് സിനിമ ചെയ്യാനാണ്. എന്റെ നാട്ടിലുള്ളവര്‍ ചോദിക്കാറുണ്ട് സിനിമാ മേഖലയില്‍ ഓക്കെ അല്ലേയെന്ന്. പ്രശ്‌നങ്ങള്‍ ഒന്നുമില്ലല്ലോ എന്നും അവര്‍ ചോദിക്കാറുണ്ട്. കാരണം സിനിമാ ജീവിതം പെണ്‍കുട്ടികള്‍ക്ക് സേഫ് അല്ലെന്ന ചിന്താഗതി അവര്‍ക്കുണ്ട്. അടുത്തിടെ പെരുന്നാളിന് പോയപ്പോള്‍ പെട്ടന്ന് കെട്ടിക്കോളൂ ഇല്ലേല്‍ ചീത്തപ്പേര് വരുമെന്ന് ഒരു ചേച്ചി എന്നോട് പറഞ്ഞു,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
തന്റെ പുതിയ സിനിമയായ രേഖയുടെ വിശേഷങ്ങളും താരം പങ്കുവെച്ചു.
‘രേഖ നാട്ടുമ്പുറങ്ങളില്‍ നമ്മളൊക്കെ കണ്ടിട്ടുള്ള ഒരു കുട്ടിയാണ്. നാട്ടിമ്പുറത്തെ കഥയാണ് സിനിമ പറയുന്നത്. ചെറിയ സ്റ്റണ്ട് പരിപാടിയൊക്കെ ഉണ്ട്. ഷൂട്ടിനിടെ ചെറുതായിട്ടൊന്ന് നടുവുളുക്കിയിരുന്നു. രേഖയിലെ കഥാപാത്രം ആദ്യം ചെയ്യേണ്ടത് മറ്റൊരു നടിയായിരുന്നു. അവര്‍ക്ക് കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാന്‍ ചെയ്തത്. ഭയങ്കരമായി സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഒന്നും നടത്തിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. കഥ കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഇംപാക്ടും എന്റെ കഥാപാത്രത്തിന്റെ ഇമ്പോര്‍ട്ടന്‍സും വെച്ചാണ് സിനിമ സെലക്ട് ചെയ്യുന്നത്. രേഖയിലെ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി മുടി മുറിച്ചിരുന്നു,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
content highlight: actress vincy about comments from family