മോഹന്‍ലാലാണ് എന്നെ മണിച്ചിത്രത്താഴില്‍ എത്തിച്ചത്; പക്ഷേ ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക് ഒന്നും ചെയ്യാനില്ലാത്തപോലെ തോന്നി: വിനയ പ്രസാദ്
Entertainment news
മോഹന്‍ലാലാണ് എന്നെ മണിച്ചിത്രത്താഴില്‍ എത്തിച്ചത്; പക്ഷേ ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക് ഒന്നും ചെയ്യാനില്ലാത്തപോലെ തോന്നി: വിനയ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 10:49 am

 

സിനിമാലോകം ഇരുകയ്യും നീട്ടി സ്വീകരിച്ച ഫാസിലിന്റെ സിനിമയാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് നടി വിനയ പ്രസാദ് എത്തിയത്. മോഹന്‍ലാലാണ് തന്നെ ആ സിനിമയിലേക്ക് റഫര്‍ ചെയ്തതെന്നും, മലയാളം അറിയാത്തതിനാല്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും വിനയ പ്രസാദ് പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ബാംഗ്ലൂരില്‍ മലയാളികളുടെ ഓണപ്പരിപാടിയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു. കന്നഡ സിനിമയെ പ്രതിനിധീകരിച്ച് അന്ന് ഞാനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പെരുന്തച്ചനില്‍ അഭിനയിച്ച നടിയല്ലേ എന്നൊക്കെ ആദ്യം കണ്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു. ഇംഗ്ലീഷിലാണ് ഞങ്ങള്‍ പരസ്പരം സംസാരിച്ചത്. കാരണം മലയാളം എനിക്കത്ര വശമില്ലായിരുന്നു.

പിന്നീട് ഒരാഴ്ച കഴിഞ്ഞ് ലത്തീഫ് എന്ന പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ വിളിച്ചു. ഫാസില്‍ സാറിന്റെ സിനിമയിലേക്ക് വേണ്ടിയാണ് വിളിക്കുന്നതെന്നും, മണിച്ചിത്രത്താഴെന്നാണ് സിനിമയുടെ പേരെന്നും, നിങ്ങള്‍ക്ക് അതില്‍ പ്രധാനപ്പെട്ടൊരു ക്യാരക്ടറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലാണ് നിങ്ങളെ വിളിക്കാന്‍ പറഞ്ഞതെന്നും അയാള്‍ പറഞ്ഞു. ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’എന്ന സിനിമയൊക്കെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ വിളിച്ചതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. അങ്ങനെ ഞാന്‍ മണിച്ചിത്രത്താഴിന്റെ സെറ്റില്‍ വന്നു. അവിടെ ആരേയും എനിക്ക് അറിയില്ലായിരുന്നു.

അങ്ങനെ ആരോടും ഒന്നും മിണ്ടാതെ ഞാന്‍ അവിടെയിരിക്കുകയായിരുന്നു. അപ്പോള്‍ അവിടേക്ക് കണ്ണാടിയൊക്കെ പിടിച്ച് ഒരു സ്ത്രീ കയറി വന്നു. അത് നടി ശോഭനയായിരുന്നു. ഇവിടെ വരൂ, ഇരിക്കൂയെന്നൊക്കെ പറഞ്ഞ് ശോഭന എന്നെ സ്വാഗതം ചെയ്തു. ഇപ്പോഴും അതൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. അത്രയും വലിയൊരു സ്വീകരണമായിരുന്നു ശോഭന എനിക്ക് നല്‍കിയത്.

അതിനുശേഷം ഫാസില്‍ സാര്‍ എന്നോട് പറഞ്ഞു, നേരില്‍ കാണാതെ ഈ സിനിമയിലേക്ക് നിങ്ങളെ ഞാന്‍ തെരഞ്ഞെടുത്തതിന്റെ കാരണം മോഹന്‍ലാലാണെന്ന്. മോഹന്‍ലാലാണ് എന്നെ കുറിച്ച് ഫാസില്‍ സാറിനോട് പറഞ്ഞത്.

ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോള്‍ എനിക്ക് ആ സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് തോന്നി. ആ കാര്യം ഞാന്‍ ഷൂട്ടിനിടയില്‍ ഫാസില്‍ സാറിനോടും പറഞ്ഞു. എന്നാല്‍ ഒന്നും പേടിക്കേണ്ട ഈ ക്യാരക്ടറിന്റെ ഇംപാക്റ്റ് എന്നും നിലനില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഇംപാക്റ്റ് ഇപ്പോഴുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ സംഭവം തന്നെയാണ്. മണിചിത്രത്താഴിന്റെ തമിഴില്‍ ഞാന്‍ രജനീകാന്ത് സാറിനൊപ്പം അഭിനയിച്ചിരുന്നു. അതും മികച്ചൊരു അനുഭവമായിരുന്നു,’ വിനയ പ്രസാദ് പറഞ്ഞു.

content highlight: actress vinaya prasad talks about mohanlal and shobhana