| Monday, 26th August 2019, 11:10 pm

'ആത്മനിന്ദയായിരുന്നു അപ്പോള്‍ തോന്നിയത്, ആറു മാസത്തോളം കണ്ണാടിയില്‍ പോലും എന്നെ നോക്കിയില്ല'; കരിയറിന്റെ തുടക്കത്തിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിന്റെ തുടക്കത്തില്‍ തന്നെ നായികയാക്കാന്‍ കൊള്ളില്ലെന്ന് ഒരു നിര്‍മാതാവ് പറഞ്ഞിട്ടുണ്ടെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. അപ്പോള്‍ അത്മനിന്തയാണ് തനിക്കു തോന്നിയതെന്നും വിദ്യാ ബാലന്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘അന്ന് മലയാളം ഉള്‍പ്പടെ വാക്കാല്‍ കരാര്‍ ഉറപ്പിച്ച ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായി. മോഹന്‍ലാലിന്റെ സിനിമ വരെയുണ്ട് അതില്‍. അന്ന് എന്റെ വീട്ടുകാര്‍ ഒപ്പം വന്നിരുന്നു. ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞങ്ങള്‍ നിര്‍മാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകള്‍ ഞങ്ങളെ കാണിച്ചു.

എന്നിട്ട് ചോദിച്ചു, ‘ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ എന്ന്. സത്യസന്ധമായി പറഞ്ഞാല്‍ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിര്‍ബന്ധം’. മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവര്‍ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം കണ്ണാടിയില്‍ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്കെന്നെ തോന്നിയിരുന്നത്’- വിദ്യാ ബാലന്‍ പറഞ്ഞു.

‘ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ എന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്ന് ആ അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ചിലര്‍ നമ്മളെ സൗന്ദര്യമുള്ളവരായി കണ്ടേക്കും ചിലര്‍ നമ്മളെ അങ്ങേയറ്റം വൃത്തികെട്ടവരായി കണ്ടേക്കും. പക്ഷേ, നമ്മള്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം’- വിദ്യാ ബാലന്‍ പറഞ്ഞു.

‘ചെന്നൈയില്‍ വച്ച് ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. കോഫി ഷോപ്പില്‍ വച്ച് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ കുറേ ആള്‍ക്കാരുണ്ട് അതുകൊണ്ട് മുറിയില്‍ പോകാം എന്ന് അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ഒരു കാര്യം ചെയ്തു. വാതില്‍ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഒന്നും പറഞ്ഞില്ല’ വിദ്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more