അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആര്‍. ബാല്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘പാ’. പ്രൊജീരിയ എന്ന അപൂര്‍വ രോഗമുള്ള 12 വയസ്സുകാരനായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തിയത്. അമിതാഭ് ബച്ചന്റെ അമ്മയായിട്ടാണ് വിദ്യ ബാലന്‍ പാ യില്‍ അഭിനയിച്ചത്.
അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും എന്നാല്‍ സിനിമ ചെയ്യാന്‍ സമ്മതിക്കുന്നതിന് മുമ്പ് താന്‍ കുറച്ച് സമയെടുത്തെന്നും പറയുകയാണ് വിദ്യ ബാലന്‍.
രണ്ട് സുഹൃത്തുക്കള്‍ക്ക് തിരക്കഥ അയച്ചുവെന്നും പ്രോജക്റ്റിന് അനുമതി നല്‍കുന്നതിന് മുമ്പ് അവരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് വിദ്യ ബാലന്‍ സംസാരിച്ചത്.
”ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം ബാല്‍ക്കി അടുത്ത് വന്നപ്പോള്‍, ആദ്യം ഞാന്‍ ചിന്തിച്ചത്, ‘ഇതെന്തൊരു കഥയാണ്? അവന് ഭ്രാന്താണോ’ എന്നാണ്. അതല്ലാതെ പിന്നെ എന്തിനാണ് അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കാന്‍ എന്റെ അടുത്ത് വരുന്നത്? അതൊക്കെയായിരുന്നു ആ സമയത്ത് എന്റെ മനസിലൂടെ പോയ ചിന്തകള്‍.
എന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഞാന്‍ അയച്ചു. ഞാന്‍ മറ്റൊരാളുമായി പങ്കിട്ട ഒരേയൊരു സ്‌ക്രിപ്റ്റ് ഈ സിനിമയുടേതാണ്. അമിതാഭ് ബച്ചന്റെ അമ്മയായിട്ട് അഭിനയിക്കണമെന്ന് ആദ്യം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയിരുന്നു. എന്നാല്‍ ഞെട്ടല്‍ മാറിക്കഴിഞ്ഞപ്പോള്‍ ഇതൊരു മികച്ച തിരക്കഥയാണെന്ന് എനിക്ക് മനസ്സിലായി.
ഒരു അഭിനേത്രി എന്ന നിലയില്‍, എനിക്ക് ‘പാ’യില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കുറച്ച് ആളുകള്‍ ഇത് വായിച്ചിട്ട് അവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
നീ ഇത് ചെയ്യണം എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. പക്ഷെ അതെ എന്ന് പറയാന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. അത് കണക്കുകൂട്ടി എടുത്ത തീരുമാനമായിരുന്നില്ല. പക്ഷേ ഞാന്‍ എന്റെ മനസിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. ഞാനും അമിതാഭും തമ്മില്‍ വലിയ പ്രായ വ്യത്യാസമുണ്ട്. അദ്ദേഹം 1942ലാണ് ജനിച്ചത് ഞാന്‍ 1979ലും,” വിദ്യ ബാലന്‍ പറഞ്ഞു.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരുമിച്ചെത്തിയ ‘പാ’ ബ്ലോക്ക്ബസ്റ്റര്‍ വിജയമായിരുന്നില്ല. ബോളിവുഡ് ഹംഗാമ പ്രകാരം ചിത്രം ഏകദേശം 30 കോടി രൂപ മാത്രമാണ് നേടിയത്. എന്നാല്‍ അമിതാഭിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
content highlight: actress vidhyabalan about paa movie