ശരീരഭാരം കുറക്കാന്‍ പറഞ്ഞതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവായിട്ടുണ്ടെന്ന് നടി വിദ്യ ബാലന്‍. ശരീരം ഭാരം കുറച്ച് വ്യത്യസ്ത ലുക്കുള്ള നടിയെയാണ് അഭിനയിക്കാന്‍ വേണ്ടതെങ്കില്‍ തന്റെ അടുത്തേക്ക് വരാന്‍ പാടില്ലെന്ന് അവരോട് പറഞ്ഞുവെന്നും വിദ്യ പറഞ്ഞു. തനിക്ക് സെക്‌സിയസ്റ്റാവാനും അതുപോലെ അഭിനയത്തിന്റെ കാര്യത്തില്‍ എന്താണോ വേണ്ടത് അത് ചെയ്യാന്‍ പറ്റുമെന്നും അതിന് ശരീരത്തിന്റെ വെയ്റ്റ് ഒരു പ്രശ്‌നമല്ലെന്നും താരം പറഞ്ഞു.
എല്ലാവരും ശരീരം കണ്ടാണ് ജഡ്ജ് ചെയ്യുന്നതെന്നും ഇപ്പോള്‍ ചിലര്‍ തന്നെ കാണുമ്പോള്‍ വെയ്റ്റ് കുറച്ചല്ലോയെന്ന് അതിശയത്തോടെ ചോദിക്കാറുണ്ടെന്നും അവരോട് ഒരിക്കലും നന്ദി പറഞ്ഞിട്ടില്ലെന്നും വിദ്യബാലന്‍ പറഞ്ഞു. ബര്‍ക്കാ ദത്തുമൊത്തുള്ള അഭിമുഖത്തിലാണ് വിദ്യ ബാലന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത മിക്ക സിനിമക്ക് വേണ്ടിയും ഞാന്‍ ഭാരം കുറച്ചിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് ഒരു ഡയറക്ടര്‍ എന്നോട് ഭാരം കുറക്കാന്‍ പറഞ്ഞു. ആ സമയത്ത് എനിക്ക് ഹോര്‍മോണല്‍ ഇഷ്യൂസ് ഉണ്ടായിരുന്നു. അതുകൊണ്ട് ഭാരം കുറക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ശരീരത്തെ പഴിച്ചിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് എന്റെ വെയ്റ്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡയറക്ടറിന്റെ വീട്ടില്‍ നിന്നും ഇറങ്ങി ഞാന്‍ പ്രൊഡ്യൂസറിനെ വിളിച്ചു. ഡയറക്ടറിന്റെയും പ്രൊഡ്യൂസറിന്റെയും ഒരു ജോയിന്‍ മീറ്റിങ് വെക്കണമെന്ന് പറഞ്ഞു. അവര്‍ എന്റെ വീട്ടിലേക്ക് വന്നു. ഞാന്‍ അവരുടെ സിനിമയില്‍ നിന്നും ഒഴിവാവുകയാണെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അഭിനയിക്കാന്‍ വ്യത്യസ്തമായ ശരീരമുള്ള നടിയെയാണ് വേണ്ടതെങ്കില്‍ ഒരിക്കലും എന്റെ അടുത്തേക്ക് വരരുത്.
നിങ്ങള്‍ക്ക് വേണ്ടത് പോലെ അഭിനയിക്കാന്‍ എനിക്ക് പറ്റും. പക്ഷെ അത് എനിക്കും കൂടി ആവശ്യമാണെന്ന് ബോധ്യമാവണം. അതിന് ഒരിക്കലും ശരീരത്തിന്റെ സൈസ് ഒരു പ്രശ്‌നമല്ല. എനിക്ക് സെക്‌സിയസ്റ്റാവാന്‍ പറ്റും അതുപോലെ അഭിനയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് ചെയ്യാന്‍ പറ്റും. അവിടെ ശരീരം ഒരു പ്രശ്‌നമല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും ഒഴിവാവുകയാണ്, കാരണം എന്റെ ശരീരത്തെക്കുറിച്ച് ഇനി ആരും സംസാരിക്കാന്‍ പാടില്ലെന്ന് അവരോട് പറഞ്ഞു.
എന്റെ ശരീരത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് നിര്‍ത്താനായി ഞാന്‍ ആവശ്യപ്പെട്ട അന്നുമുതല്‍ ഭയങ്കര ഫ്രീ ആയപോലെയാണ് അനുഭവപ്പെടുന്നത്. എന്റെ ഏറ്റവും ബെസ്റ്റ് വേര്‍ഷന്‍ തന്നെയാണ് ഞാന്‍. എല്ലാവരും ശരീരം കണ്ടാണ് ജഡ്ജ് ചെയ്യുക. ആളുകള്‍ക്ക് വേണ്ടത് പോലെയല്ല എന്റെ ശരീരം ഉണ്ടായിരിക്കേണ്ടത്. എങ്ങനെയാണോ ഉള്ളത് അതുപോലെയാണ്. അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ അതില്‍ മാറ്റം വരുത്തണോ. എനിക്കും തോന്നേണ്ടെ.
ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് എല്ലാവരും നമ്മുടെ കവിളൊക്കെ പിടിച്ച് ക്യൂട്ടാണെന്ന് പറയും. പക്ഷെ ഇപ്പോള്‍ പറയുന്നത്, നിങ്ങള്‍ കാണാന്‍ സുന്ദരിയാണ് പക്ഷെ എന്തുകൊണ്ട് വെയ്റ്റ് കുറച്ചൂടാ എന്നാണ്. ഇപ്പോള്‍ ചിലര്‍ കാണുമ്പോള്‍ അതിശയത്തോടെ പറയും നിങ്ങള്‍ വെയ്റ്റ് കുറച്ചല്ലോയെന്ന്. പക്ഷെ ഞാന്‍ അവരെ നോക്കി വെറുതെ ചിരിക്കുകയല്ലാതെ നന്ദിയൊന്നും പറയാറില്ല. രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീ എന്നെ കണ്ടിട്ട് അടുത്തേക്ക് വന്നു. ‘ദൈവമെ നിങ്ങള്‍ മെലിഞ്ഞോ’ എന്നാണ് അവര്‍ ചോദിച്ചത്. എനിക്ക് ചിരിയാണ് ഉള്ളില്‍ വന്നത്,” വിദ്യ ബാലന്‍ പറഞ്ഞു.
content highlight: actress vidhya balan about body waight loss