15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ടാക്ട് തപ്പിപ്പിടിച്ച് മമ്മൂക്കയെ പോയി കണ്ടു, വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു: വീണ നന്ദകുമാര്‍
Movie Day
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ടാക്ട് തപ്പിപ്പിടിച്ച് മമ്മൂക്കയെ പോയി കണ്ടു, വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു: വീണ നന്ദകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th March 2022, 12:45 pm

അമല്‍നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വത്തില്‍ ജെസ്സി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച താരമാണ് വീണ നന്ദകുമാര്‍. ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ജെസ്സി ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഹൃദയത്തിലും ഇടം നേടി.

ചിത്രത്തില്‍ ചുരുങ്ങിയ രംഗങ്ങളില്‍ മാത്രമാണ് ഉള്ളതെങ്കിലും അസാധ്യമായ ഭാവചലനങ്ങളിലൂടെ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വീണയ്ക്ക് സാധിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു വേഷം ലഭിച്ചത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയൊരു ഭാഗ്യമാണെന്നാണ് വീണ പറയുന്നത്. അമല്‍ നീരദിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും വീണ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒപ്പം 15 വര്‍ഷം മുന്‍പുള്ള ഒരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

‘ബിഗ് ബിയിലാണ് ഞാന്‍ അമല്‍നീരദിന്റെ മേക്കിങ് കണ്ട് ഭയങ്കരമായിട്ട് ഇംപ്രസ് ആകുന്നത്. ബിഗ് ബിയില്‍ എന്നെ സ്‌ട്രൈക്ക് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു. പൊതുവെ നായകന്‍മാര്‍ വില്ലന്‍മാരോട് ഡയലോഗ് പറയുന്നത് ഫേസ് ടു ഫേസ് നോക്കിയിട്ടാണ്. പക്ഷേ ബിഗ് ബിയില്‍ മമ്മൂക്ക ഓരോ ഡയലോഗ് പറയുന്നത് സൈഡില്‍ നോക്കിയിട്ടാണ്. അങ്ങനെ ഒരു ഹീറോയിസം പോട്രൈയ്റ്റ് ചെയ്തത് എനിക്ക് ഭയങ്കര കാച്ചിങ് ആയിരുന്നു,വീണ പറഞ്ഞു.

ആ സമയത്ത് തന്നെ മമ്മൂക്ക-അമല്‍നീരദ് കോമ്പിനേഷന്റെ ഫാനായിരുന്നു ഞാന്‍. ആ ടൈമില്‍ ഞാന്‍ ചെറുതായിരുന്നു എന്ന് വീണ പറഞ്ഞതോടെ ചെറുതോ എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മമ്മൂട്ടി. ചെറുതെന്ന് വെച്ചാല്‍ ഭയങ്കര ചെറുതല്ല, കുറച്ച് ചെറുത്, 15 വര്‍ഷം മുന്‍പല്ലേ മമ്മൂക്ക എന്ന് പറഞ്ഞ് വീണ തിരുത്തുകയും ചെയ്തു.

‘അന്ന് ഒറ്റപ്പാലത്ത് ബിഗ് ബിയുടെ പ്രൊമോഷന്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ നാടാണ് അത്. അവിടെ വെച്ചാണ് ഞാന്‍ ബിഗ് ബിയുടെ ഫസ്റ്റ് ഷോ കാണുന്നത്. അങ്ങനെ ഇവരുടെ കോണ്‍ടാക്ട് തപ്പിപ്പിടിച്ച് ഞാന്‍ അവിടെ പോയി മമ്മൂക്കയെ മീറ്റ് ചെയ്തു. അന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടുമെന്ന്, വീണ പറഞ്ഞു.

എന്നാല്‍ അന്നേ താന്‍ ഈ കുട്ടിയെ നോട്ട് ചെയ്തിരുന്നെന്നും പിന്നീട് കണ്ടപ്പോള്‍ വീണയെ തനിക്ക് മനസിലായെന്നും മമ്മൂട്ടി പറഞ്ഞു. ഇതോടെ മമ്മൂക്ക പറഞ്ഞത് ശരിയാണെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കണ്ടപ്പോള്‍ മമ്മൂക്ക തിരിച്ചറിഞ്ഞെന്നും അന്ന് പരിചയപ്പെട്ട കുട്ടിയല്ലേയെന്ന് ചോദിച്ചെന്നും വീണ പറഞ്ഞു.

Content Highlight: Actress Veena Nandakumar Share an old Experiance with Mammootty