രാത്രി യാത്രയില്‍ പേടി പ്രേതവും കോക്കാച്ചിയുമൊന്നുമല്ല, വണ്ടിയില്‍ കത്തിയും പെപ്പര്‍ സ്‌പ്രേയുമുണ്ട്: വീണ നായര്‍
Film News
രാത്രി യാത്രയില്‍ പേടി പ്രേതവും കോക്കാച്ചിയുമൊന്നുമല്ല, വണ്ടിയില്‍ കത്തിയും പെപ്പര്‍ സ്‌പ്രേയുമുണ്ട്: വീണ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th January 2023, 4:32 pm

സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് നടി വീണ നായര്‍. പത്ത് വര്‍ഷം മുമ്പ് കണ്ട ചുറ്റുപാടല്ല ഇപ്പോഴെന്നും തന്റെ മകന്‍ വലുതാകുമ്പോള്‍ അത് ഇനിയും മാറാമെന്നും വീണ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വീണയുടെ പ്രതികരണം.

‘സ്ത്രീകള്‍ രാത്രിയില്‍ നടന്നു പോകുമ്പോള്‍ നോക്കുന്ന നൂറ് പേരില്‍ പത്ത് പേരുടെ കാഴ്ചപ്പാട് വേറെ രീതിയിലായിരിക്കും. ഇവളെന്താ രാത്രിയില്‍ ഇതുവഴി പോകുന്നത് എന്ന് ചിന്തിക്കും. അത് കാലാകാലങ്ങളായി ഉള്ളതാണ്. പക്ഷേ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ വര്‍ഷം മാറ്റമുണ്ട്. എന്റെ മകന് ആറ് വയസാവുകായാണ്. അവന്‍ കോളേജിലാവുന്ന സമയത്ത് ഈ രീതികള്‍ ഒത്തിരി മാറും. പത്ത് വര്‍ഷം മുമ്പ് ഞാന്‍ കണ്ട ചുറ്റുപാടല്ല ഇപ്പോഴുള്ളത്. അടുത്ത പത്ത് വര്‍ഷത്തില്‍ ഒരുപാട് മാറ്റം സംഭവിക്കും.

രാത്രി വൈകി ഫ്രണ്ട്‌സിനടുത്ത് പോയി വരുന്ന ആളാണ് ഞാന്‍. എന്റെ ടെന്‍ഷന്‍ പ്രേതവും കോക്കാച്ചിയുമൊന്നുമല്ല. എന്റ വണ്ടിയില്‍ കത്തിയുണ്ട്, പെപ്പര്‍ സ്‌പ്രേ വെച്ചിട്ടുണ്ട്. തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോഴുള്ള സേഫ്ടിക്ക് വേണ്ടിയാണത്. ആണായാലും പെണ്ണായാലും തനിച്ച് യാത്ര ചെയ്യുമ്പോള്‍ നമ്മളാണ് മുന്‍കരുതല്‍ എടുക്കേണ്ടത്.

ഒരു ട്രെയ്‌നില്‍ ട്രാവല്‍ ചെയ്യുന്നു. രാത്രിയായപ്പോള്‍ ആ ബോഗിയില്‍ തനിച്ചായി. ആണായാലും പെണ്ണായാലും അത് സേഫല്ല. അപ്പോള്‍ രണ്ടുമൂന്ന് പേരുള്ള ബോഗിയിലേക്ക് പോവുക. നമ്മുടെ സേഫ്ടി നമ്മള്‍ നോക്കണം. ഞാനിവിടെ തനിച്ചിരിക്കും, ആരെങ്കിലും എന്തെങ്കിലും ചെയ്യുമോയെന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഇരിക്കരുത്. കൊമ്പന്‍ ഇടഞ്ഞുനില്‍ക്കുമ്പോള്‍ കുത്തുന്നെങ്കില്‍ കുത്തട്ടെ എന്ന് പറഞ്ഞ് ഫ്രണ്ടില്‍ കേറി നിന്നാല്‍ ആന കുത്തിയിട്ട് പോവുകയേയുള്ളൂ. നമ്മളും കുറച്ച് നോക്കുക. എന്നിട്ട് ചുറ്റുപാടിനെ കുറ്റം പറയുക,’ വീണ പറഞ്ഞു.

തേരാണ് ഒടുവില്‍ പുറത്തിറങ്ങിയ വീണയുടെ ചിത്രം. എസ്. ജെ. സിനു സംവിധാനം ചെയ്ത ചിത്രത്തില്‍ അമിത് ചക്കാലക്കലാണ് നായകനായത്. കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, റിയ സൈറ, സുരേഷ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Actress Veena Nair says that there is a change in the attitude towards women