വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് പ്രസിഡന്റായി എത്തി മലയാളികളെ ചിരിപ്പിച്ച താരമാണ് നടി വീണാ നായര്‍. ഇതിന് ശേഷം പല സിനിമകളിലും ചെറിയ വേഷങ്ങളില്‍ വീണ എത്തി. പിന്നീട് ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിക്ക് ശേഷമാണ് വീണയെ മലയാളികള്‍ അടുത്തറിയുന്നത്.
മറിയം എന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് വീണ. കഥാപാത്രത്തിനായി താന്‍ വണ്ണം കുറക്കുകയാണെന്ന് താരം പറയുന്നു. അതിനൊപ്പം തന്നെ പലപ്പോഴും ബോഡി ഷെയിമിങ്ങിന് താന്‍ ഇരയായിട്ടുണ്ടെന്നും വീണ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്.
‘ എന്നാ വണ്ണമാ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. അപ്പോള്‍ എന്തെങ്കിലും തിരിച്ചുപറഞ്ഞ് അവരെ കളിയാക്കി വിടും. നാളെ ഞാന്‍ മെലിഞ്ഞാലും ചോദിക്കും ‘ അയ്യോ ഇതെന്താ ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് ഷുഗറുണ്ടോ’ എന്നൊക്കെ.
ബോഡി ഷെയിമിങ് എന്ന കാര്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. എന്നേക്കാള്‍ പ്രായമുള്ളവര്‍ എന്റെ സൈസ് കണ്ടിട്ട് ചേച്ചീ എന്ന് വിളിക്കാറുണ്ട്. ആദ്യമൊക്കെ അങ്ങനെ വിളിക്കല്ലേ, ഞാന്‍ നിങ്ങളേക്കാള്‍ ഇളയതാണെന്ന് പറയുമായിരുന്നു. ഇപ്പോള്‍ ആരേയും തിരുത്താറില്ല. എന്റെ ശരീരത്തെക്കുറിച്ച് ആരുവേണമെങ്കിലും കളിയാക്കിക്കോട്ടെ. ഞാന്‍ പണ്ടുമുതലേ ഇങ്ങനെയാണ്.
പിന്നെ വണ്ണം കൊണ്ട് എനിക്ക് കരിയറില്‍ പ്രശ്‌നങ്ങള്‍ വരും. അതുകൊണ്ട് മാത്രമാണിപ്പോള്‍ ഡയറ്റും വ്യായാമവുമൊക്കെ ശീലിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്,’ താരം പറഞ്ഞു.
ബിഗ്‌ബോസിന് ശേഷം ജീവിതം മാറിയോ എന്ന ചോദ്യത്തിന് തനിക്ക് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നും ബിഗ് ബോസിന് ശേഷം അതുമാറിയെന്നുമായിരുന്നു വീണയുടെ മറുപടി.
ഇപ്പോള്‍ മനസ് ഫ്രീയായി. വര്‍ക്കില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റി. അതുവരെ ഓരോരോ പ്രൊജക്ടുകളും ചെയ്തുപോരുന്നു എന്നല്ലാതെ സീരിയസായി വര്‍ക്ക് കിട്ടാനായി ശ്രമിക്കാറില്ലായിരുന്നു. ഓരോരോ പ്രശ്‌നങ്ങളില്‍ മനസ് തൂങ്ങിക്കിടക്കും. ഇപ്പോള്‍ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്‌നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ്‌ബോസിന് ശേഷം പഠിച്ചു. ശരിക്കുപറഞ്ഞാല്‍ ഈ ഒരു മനസാന്നിധ്യത്തോടെ ഞാന്‍ ബിഗ്‌ബോസില്‍ പോയിരുന്നെങ്കില്‍ അതുപോലെ കരയില്ലായിരുന്നു, വീണ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക