ടൊവിനോ നായകനായ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട്, അറിയിക്കുക പോലും ചെയ്യാതെ തന്നെ ഒഴിവാക്കിയെന്ന് നടി വീണ നായര്‍. ആ സിനിമ എട്ടു നിലയില്‍ പൊട്ടിയൊന്നും, അതറിഞ്ഞപ്പോള്‍ തനിക്ക് സമാധാനമായെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വീണ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഒരുപാട് ആഗ്രഹിച്ചതിനുശേഷം നഷ്ടപ്പെട്ട സിനിമകളുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വീണ.
‘ഇഷ്ടം പോലെ പ്രൊജക്ടുകളുണ്ട്. തലേ ദിവസം വിളിച്ചിട്ട് നാളെ അല്ലേ ചേട്ടാ സിനിമ തുടങ്ങുന്നതെന്ന് ചോദിക്കുമ്പോള്‍, അയ്യോ അത് പറയാന്‍ മറന്നുപോയി കേട്ടോ പെട്ടെന്ന് ഒരു ട്വിസ്റ്റ് വന്നു. ആ ക്യരക്ടര്‍ മാറിയെന്നും പറഞ്ഞിട്ടുണ്ട്. പിന്നെ അന്വേഷിച്ച് വരുമ്പോള്‍ എന്നെ പോലെ ഒരാള്‍ തന്നെയായിരിക്കും ആ കഥാപാത്രം ചെയ്തിരിക്കുന്നത്.
ഒരു ടൊവിനോ സിനിമയിലാണ് അങ്ങനെയൊരു സംഭവമുണ്ടായത്. ആ സിനിമയില്‍ നിന്ന് എന്നെ വിളിച്ച് ഒരു പതിനഞ്ച് ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പതിനഞ്ച് ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തു. അതിന്റെ ഇടയില്‍ വന്ന ഉദ്ഘാടന ചടങ്ങുകള്‍ വരെ ഞാന്‍ വേണ്ടെന്ന് വെച്ചു. എന്നോട് ശമ്പളം ചോദിച്ചപ്പോള്‍, ഞാന്‍ പറഞ്ഞു നിങ്ങളുടെ ബഡ്ജറ്റ് എന്താണെന്ന് പറയാന്‍.
കാരണം ഇപ്പോഴത്തെ സാഹചര്യം വെച്ചിട്ട് പൈസ നമ്മള്‍ അങ്ങോട്ട് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. അവരോട് ചോദിക്കും നിങ്ങള്‍ക്ക് മാക്‌സിമം തരാന്‍ പറ്റുന്ന ബഡ്ജറ്റ് എന്താ, അവര്‍ എന്തു പറഞ്ഞാലും കുഴപ്പമില്ല ചേട്ടാ തുടങ്ങാമെന്ന് പറയും. അങ്ങനെയാണ് ഞാന്‍ എപ്പോഴും പറയുന്നത്. കാരണം വരുന്ന പടങ്ങളൊന്നും ഞാന്‍ കളയാറില്ല.
അങ്ങനെ എല്ലാം പറഞ്ഞ് സെറ്റാക്കിയിരിക്കുകയാണ്. എന്നാല്‍ അവര്‍ പറഞ്ഞ കോള്‍ മാത്രം എനിക്ക് വരുന്നില്ല. എന്റെ വേറെ കുറേ സുഹൃത്തുക്കള്‍ ആ സിനിമയിലുണ്ടായിരുന്നു. ആ സമയം ആയപ്പോഴേക്കും അവരെല്ലാം സിനിമയില്‍ ജോയിന്‍ ചെയ്ത് കഴിഞ്ഞിരുന്നു. പിന്നെ എന്നെ സിനിമയിലേക്ക് വിളിച്ച ചേട്ടനെ ഞാന്‍ ഫോണ്‍ ചെയ്ത് കാര്യം അന്വേഷിച്ചു.
നമ്മുടെ തിരക്കഥാകൃത്തിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവര്‍ ആ ക്യാരക്ടര്‍ ചെയ്താല്‍ മതിയെന്ന് തിരക്കഥാകൃത്ത് പറഞ്ഞുവെന്ന് പുള്ളി പറഞ്ഞു. എന്നാല്‍ ശരി ചേട്ടാ, പക്ഷ വിളിച്ച് പറയുക എന്നൊരു മര്യാദ കാണിക്കാമായിരുന്നു എന്നും ഞാന്‍ പറഞ്ഞു. പിന്നെ പുള്ളി എന്നോട് സോറിയൊക്കെ പറഞ്ഞു.
പിന്നെ കുറച്ച് കാലം കഴിഞ്ഞ് സിനിമയിറങ്ങി. ആ പടം എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഒന്നും തോന്നരുത്, അതറിഞ്ഞപ്പോള്‍ എനിക്കൊരു സമാധാനം കിട്ടി,’ വീണ പറഞ്ഞു.
content highlight: actress veena nair aboout tovino thomas movie