| Wednesday, 26th November 2014, 3:47 pm

പ്രവാചകനിന്ദ: പാക്ക് നടി വീണാമാലിക്കിന് 26 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ടെലിവിഷന്‍ ചാനല്‍ പരിപാടിയ്ക്കിടെ പ്രവാചകനെ നിന്ദിയ്ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് പാകിസ്ഥാന്‍ നടി വീണാ മാലിക്കിന് 26 വര്‍ഷം തടവ്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.

വീണാ മാലിക്കിന് പുറമേ ജിയോ ടിവിയുടെ ഉടമസ്ഥന്‍, വീണയുടെ ഭര്‍ത്താവ് ആസാദ് മാലിക്ക്, പരിപാടിയുടെ അവതാരിക ഷൈസ്ത വഹീദി, ജഡ്ജ് ഷഹ്ബാസ് ഖാന്‍ എന്നിവര്‍ക്കും കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ക്കും 26 വര്‍ഷത്തെ തടവാണ് വിധിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമേ 1.3 മില്യണ്‍ പാകിസ്ഥാനി രൂപ പിഴയൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവരെല്ലാം ദൈവനിന്ദ നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു വിധി പ്രസ്താവം നടത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്യാനും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 40 പേജുള്ള വിധി പ്രസ്താവത്തിലാണ് ഈ നിര്‍ദേശമുള്ളത്.

പ്രതികളെല്ലാവരും പാക്കിസ്ഥാന് പുറത്താനുള്ളത്. വീണാ മാലിക് യു.എ.ഇയിലാണ്. മറ്റ് പ്രതികളും ഭീഷണിയെത്തുടര്‍ന്ന് വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. അതിനാല്‍ അറസ്റ്റ് എപ്പോഴുണ്ടാവുമെന്ന് വ്യക്തമല്ല.

ഈ വര്‍ഷം മെയ് 14ന് ജിയോ ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഭാത പരിപാടിയാണ് ആരോപണത്തിന് അടിസ്ഥാനം. വീണാ മാലിക്കും ബാഷിറും തമ്മിലുള്ള മോക്ക് വിവാഹത്തിന് പിന്നണിയില്‍ മതപരമായ ഗാനം പ്ലെ ചെയ്തതാണ് പ്രശ്‌നമായത്.

വഹീദിയും ജിയോ ഗ്രൂപ്പും ഈ വിഷയത്തില്‍ മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ തീവ്രചിന്താ വിഭാഗക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല.

We use cookies to give you the best possible experience. Learn more