സൈലന്റ് ആയ ക്യാരക്ടറില്‍ നിന്നും പെട്ടെന്ന് വയലൻസ് കാണിച്ച് ഒരു മാസ് പടത്തിന്റെ മൊത്തം കയ്യടിയും വാങ്ങിച്ചെടുക്കുകയെന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. വിക്രമിലെ ഏജന്റ് ടീനക്ക് കയ്യടിക്കാതെ ഒരാളും തീയേറ്റർ വിട്ടുപോകാന്‍ ചാന്‍സ് ഇല്ല. മാസ്സിനു മാസ്സ്, അടിപൊളി സ്റ്റണ്ട്, കമല്‍ ഹാസനെയും വിജയ് സേതുപതിയെയും ഫഹദിനെയും സൈഡാക്കുന്ന ഒരു രക്ഷയും ഇല്ലാത്ത പ്രകടനം. ചിത്രം കണ്ടവര്‍ തമ്മില്‍ ചർച്ചചെയ്യുന്നതും ആര്‍ക്കും അത്ര കണ്ടുപരിചയമില്ലാത്ത ഈ മുഖത്തെ കുറിച്ച് തന്നെയാണ്. വിക്രമിന്റെ ഒറ്റ റിവ്യൂ പോലും ഇവരുടെ റോളിനെ കുറിച്ച് സൂചിപ്പിക്കാതെ കടന്നുപോയിട്ടുമില്ല.
ലോകേഷ് സംവിധാനം ചെയ്ത് കമല്‍ ഹസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് തുടങ്ങി വാൻ താരനിര ഒന്നിച്ചെത്തിയ ചിത്രമാണ് വിക്രം. അങ്ങനെയൊരു പടത്തിലാണ് ഏജന്റ് ടീന എന്നൊരു കഥാപാത്രവും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടിയും വലിയ പ്രശംസ നേടുന്നത്.
വാസന്തിയാണ് ടീനയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 30 കൊല്ലമായി ഡാന്‍സ് ഇന്‍ഡസ്ട്രിയില്‍ പ്രവർത്തിക്കുന്ന വ്യക്തിയാണ് വാസന്തി.
സിനിമയില്‍ ക്യാമറയ്ക്ക് പിന്നിലായതുകൊണ്ട് തന്നെ അവരെ പ്രേക്ഷകരാരും തന്നെ കണ്ടിട്ടില്ല. ബ്രിന്ദ മാസ്റ്റര്‍, ദിനേശ് മാസ്റ്റര്‍ തുടങ്ങിയവരുടെ അസിസ്റ്റന്റ് ആയും വാസന്തി പ്രവർത്തിച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ കണ്ട പല സിനിമാപാട്ടുകളിലും ഡാന്‍സ് കൊറിയോഗ്രഫി ചെയ്തതും സിനിമ താരങ്ങളെ ഡാന്‍സ് അഭ്യസിപ്പിച്ചതും വാസന്തിയാണ്.
ശരത് കുമാറും നയന്‍താരയും ഒന്നിച്ചെത്തിയ അയ്യാ എന്ന സിനിമയില്‍ നയന്‍താരയ്ക്ക് വേണ്ടി ഡാന്‍സ് കൊറിയോഗ്രഫി ചെയ്തത് വാസന്തിയാണ്. മലയാളത്തിലിറങ്ങിയ റിങ്ങ്മാസ്റ്ററിലും വാസന്തിയുണ്ടായിരുന്നു. ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷിനുവേണ്ടിയാണ് അവര്‍ ഡാന്‍സ് ചെയ്തത്.
ആര്യയും എമി ജാക്‌സണും ഒന്നിച്ച ഏറെ സെലിബ്രറ്റി ചെയ്യപ്പെട്ട മദിരാശി പട്ടണത്തില്‍ എമി ജാക്‌സണ് വേണ്ടി ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തതും ഇവര്‍ തന്നെയാണ്. മനസ്സെല്ലാം എന്ന തമിഴ് സിനിമയില്‍ തൃഷ, ബാന കത്താടിയില്‍ സാമന്ത എന്നിവര്‍ക്ക് വേണ്ടിയും വാസന്തി വര്‍ക്ക് ചെയ്തിട്ടുണ്ട്.
പല സിനിമ നടികളുടെയും തുടക്കകാലത്ത് അവരെ ഡാന്‍സ് പ്രാക്റ്റീസ് ചെയ്യിച്ച ആളാണ് ഈ ഏജന്റ് ടീന. മലയാളത്തില്‍ മമ്മൂട്ടിയും കത്രീന കൈഫും ലീഡ് റോള്‍ ചെയ്ത ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയില്‍ കത്രീനയെ ഡാന്‍സ് പഠിപ്പിച്ചതും അവര്‍ തന്നെയാണ്.
ഇത് മാത്രമല്ല, വിജയ്‌ക്കൊപ്പം ഭഗവതിയിലും മാസ്റ്ററിലും ഭൈരവയിലുമൊക്കെ അവര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സൂര്യ ചെയ്ത അയന്‍ എന്ന ചിത്രത്തിലും അജിത്ത് ചെയ്ത വലിമൈയിലും കൊറിയോഗ്രഫിയുടെ ഭാഗമായി വാസന്തിയുണ്ടായിരുന്നു.
കമല്‍ ഹാസനൊപ്പം ഒരു ചിത്രത്തില്‍ ഇവര്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. അവിടെ നിന്നുമാണ് ഉലകനായകനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ആക്ഷന്‍ സീനുകളുമായി വിക്രമില്‍ വാസന്തി എത്തിയിരിക്കുന്നത്. ഉലകനായകനൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇതേ കുറിച്ച് വാസന്തി തന്നെ പറയുന്നത്.
മാസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഡയറക്ടര്‍ ലോകേഷാണ് വാസന്തിയെ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വിക്രമിലേക്കാണെന്ന് കൂടി അറിഞ്ഞതോടെ വാസന്തി ഒറ്റയടിക്ക് ഓക്കെ പറയുകയായിരുന്നു. കമല്‍ ഹാസൻ ചിത്രത്തിലുണ്ടായിരുന്നതാണ് തന്നെ ഏറ്റവും എക്‌സൈറ്റ് ചെയ്യിപ്പിച്ച കാര്യമെന്നാണ് അവര്‍ പറയുന്നത്.
ഇനി ഏജന്റ് ടീനയിലേക്ക് വന്നാല്‍ ഒരൊറ്റ സീൻ കൊണ്ടാണ് പ്രേക്ഷകരെ മൊത്തം ടീന കയ്യിലെടുക്കുന്നത്. ഈ അടുത്തകാലത്ത് ഒരു സ്ത്രീ കഥാപാത്രം ചെയ്ത ഏറ്റവും മികച്ച ആക്ഷന്‍ സീനുകളാണ് ടീനയിലൂടെ വാസന്തി അവതരിപ്പിച്ചിരിക്കുന്നത്. അന്‍പറിവ് എന്ന സ്റ്റണ്ട് മാസ്റ്റഴേസ് ഡുവോയുടെ സിനിമയിലെ ഏറ്റവും കിടിലന്‍ ആക്ഷന്‍ കൊറിയോഗ്രഫി ടീനയുടേതാണെന്നാണ് ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങള്‍. നല്ല റോ ആന്റ് പവര്‍ഫുള്ളായ മൂവ്‌മെന്റ്‌സും പിന്നെ ആ സ്പൂണും ഫോര്‍ക്കുമൊക്കെ വെച്ചുള്ള അറ്റാക്കുമെല്ലാമായിരുന്നു ഹൈലൈറ്റ്.
വിക്രം പോലെ ഒരു കംപ്ലീറ്റ് ആക്ഷന്‍ സിനിമയില്‍, അതും കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ക്കെല്ലാം പ്രത്യേക സ്റ്റൈല്‍ ആക്ഷന്‍ സീനുകളുള്ള ഒരു സിനിമയില്‍, അങ്ങനെയൊരു പടത്തിലാണ് ടീന കയറി സ്‌കോര്‍ ചെയ്തിരിക്കുന്നത്. അതാണ് ടീനയെയും വാസന്തിയെയും ഡബിള്‍ മാസാക്കുന്നതെന്നാണ് പ്രധാന അഭിപ്രായം.
Content Highlight: Actress Vasanthi, show steeler of the movie vikram