കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി വരദ. സീരിയലില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സിനിമയില്‍ നിന്നാണ് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു.
നിങ്ങളെ നായികയാക്കിയാല്‍ നമുക്ക് എന്താണ് ഗുണം, അഡ്ജസ്റ്റ് ചെയ്യേണ്ടി വരും എന്നൊക്കെയാണ് പലരും പറഞ്ഞിട്ടുള്ളതെന്നും വരദ പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വരദ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് പറയാത്തതായി വളരെ ചുരുക്കം പേരെ ഉണ്ടാവൂ എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യമൊക്കെ അത്തരം ചോദ്യങ്ങള്‍ എനിക്ക് ഒരുപാട് വന്നിട്ടുണ്ട്.
സീരിയലില്‍ നിന്നും അത്തരം അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. പ്രൊപ്പോസ് ചെയ്യലൊക്കെ സീരിയലില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതല്ലാതെ കാസ്റ്റിങ് കൗച്ച് പോലുള്ള അനുഭവം ഉണ്ടായിട്ടില്ല.
സിനിമയില്‍ നിന്നും അത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമ ഇനി ഒരിക്കലും ചെയ്യുന്നില്ലെന്ന നിലപാട് വരെ എനിക്ക് എടുക്കേണ്ടി വന്നു.
വാസ്തവം എന്ന സിനിമ കഴിഞ്ഞിട്ട് എനിക്ക് ഒരുപാട് എന്‍ക്വയറികള്‍ വന്നു. ആ സമയത്ത് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നെ നായികയായപ്പോള്‍ പല തരത്തിലും മോശം കോളുകള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു.
കഥ പറയാനാണെന്ന് പറഞ്ഞിട്ടാണ് വിളിക്കുക. കഥ പറഞ്ഞ് കുറച്ച് കഴിഞ്ഞാല്‍ പിന്നെ ഇതൊക്കെ ആവും ചോദിക്കുക. നിങ്ങളെ നായികയാക്കിയാല്‍ നമുക്ക് എന്താണ് ഗുണം എന്നോക്കെ ചോദിക്കും.
ആദ്യം എനിക്ക് അറിയില്ലായിരുന്നു. നിങ്ങള്‍ പറയുന്നതുപോലെ അഭിനയിക്കുമെന്ന് മറുപടി പറയും. അങ്ങനെയല്ല ഞങ്ങളുടെ കൂടെയൊന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയും. അവര്‍ അതിനെപ്പറ്റി സംസാരിക്കുമ്പോള്‍ ആദ്യം ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു,” വരദ പറഞ്ഞു.
CONTENT HIGHLIGHT: ACTRESS VARADHA ABOUT CASTING COUCH