Movie Day
മമ്മൂക്കയോ സുരേഷ് ഗോപിയോ ചെയ്ത പോലത്തെ ഒരു നല്ല പൊലീസ് വേഷം എനിക്ക് കിട്ടിയിട്ടില്ല: വാണി വിശ്വനാഥ്
മലയാളത്തിലെ ഒരു കാലത്തെ ആക്ഷന്‍ നായികയെന്ന് വിളിപ്പേരുള്ള താരമായിരുന്നു വാണി വിശ്വനാഥ്. മോളിവുഡിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു ഒരുകാലത്ത് വാണിയെ വിശേഷിപ്പിച്ചിരുന്നത്. മലയാളം, തെലുങ്ക് സിനിമകളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വാണി വിശ്വനാഥിന് സാധിച്ചിരുന്നു. വിവാഹശേഷമാണ് വാണി സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാള സിനിമയിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച വാണി വിശ്വനാഥിന് ഇന്നും ആരാധകര്‍ ഏറെയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് വാണി വിശ്വനാഥ്. പൊലീസുകാരിയായിട്ടാണ് വാണിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്.
ഒരുകാലത്ത് വാണി വിശ്വനാഥ് ചെയ്ത പൊലീസ് വേഷങ്ങള്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്ത പോലത്തെ ഒരു നല്ല പൊലീസ് വേഷം തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറയുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വാണി വിശ്വനാഥ്.
‘ഇതുവരെ എനിക്ക് നല്ലൊരു പൊലീസ് ഓഫീസറുടെ വേഷം കിട്ടിയിട്ടില്ല. ഈ സിനിമയിലൂടെ അത് മാറട്ടെ എന്ന് വിചാരിക്കുകയാണ്. സുരേഷ് ഗോപിയോ മമ്മൂക്കയോ ചെയ്തപോലത്തെ പൊലീസ് വേഷങ്ങളോ നല്ലൊരു ഫൈറ്റ് രംഗമോ ഒന്നും കിട്ടിയിട്ടില്ല. ഞാന്‍ ആഗ്രഹിച്ച പോലൊരു പൊലീസ് വേഷം ആകട്ടെ ഇതെന്നാണ് പ്രതീക്ഷിക്കുന്നത്’, വാണി വിശ്വനാഥ് പറഞ്ഞു.
കുറേ നാളുകള്‍ക്ക് ശേഷം ലൊക്കേഷനില്‍ വന്നപ്പോള്‍ കൂട്ടിലടച്ച പോലെയാണ് തനിക്ക് തോന്നിയതെന്നും വീട്ടിലാണെങ്കില്‍ തിരക്ക് തന്നെയായിരിക്കുമെന്നും ഈ വലിയ ഇടവേള താന്‍ ആസ്വദിക്കുകയായിരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു.
അഭിനയം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അതിനേക്കാള്‍ സന്തോഷമുള്ള കാര്യം കുടുംബത്തോടൊപ്പം നില്‍ക്കുക എന്നതായിരുന്നു. നല്ലൊരു കഥാപാത്രം കിട്ടിയപ്പോള്‍ ചെയ്തു എന്നേയുള്ളൂ. ബിസിയാകണമെന്നോ മാര്‍ക്കറ്റുകള്‍ വെട്ടിപ്പിടിക്കണമെന്നോ ഇല്ല. അന്നും ഇന്നും ആ ചിന്തയില്ല.
മലയാള സിനിമയില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും അവഗണന നേരിട്ടിട്ടില്ലെന്നും താനായിട്ട് തന്നെയാണ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചത് എന്നുമായിരുന്നു വാണി വിശ്വനാഥിന്റെ മറുപടി.
‘മലയാളത്തില്‍ ഒരുവിധം എല്ലാവരുടേയും നായികയായി ഞാന്‍ അഭിനയിച്ചു. തെലുങ്കില്‍ ഗ്ലാമര്‍ വേഷങ്ങള്‍ അടക്കം ചെയ്തു. പിന്നീട് ഞാന്‍ തന്നെയാണ് ഒതുങ്ങിക്കൂടുന്നത്.
മലയാളത്തില്‍ കിങ് ആണ് എനിക്ക് ഒരു അടിപൊളി വേഷം തന്നത്. അതുപോലെ ഇന്റിപെന്‍ഡന്‍സ് തുടങ്ങി നല്ല പടങ്ങള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
ഒരു പത്തു ദിവസമൊക്കെയെടുത്ത്, റിഹേഴ്‌സലൊക്കെ ചെയ്ത് ഒരു ഫൈറ്റ് സീന്‍ ചെയ്യണമെന്നൊക്കെ അന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അന്ന് അതിനൊന്നുമുള്ള സമയം ഉണ്ടാവില്ല. ഒരു ഫൈറ്റ് തരുമ്പോള്‍ ഓടിച്ചെന്ന് എടുക്കും. ആ ആഗ്രഹം ഇന്നും ഉണ്ട്. പക്ഷേ എന്നെ കൊണ്ട് പറ്റുമോ എന്നറിയില്ല. തന്റേടം ഉള്ള ഒരു കഥാപാത്രത്തെ എനിക്ക് എന്നും ഇഷ്ടമാണ്.
മലയാള സിനിമയില്‍ എനിക്ക് കൂടുതല്‍ കംഫര്‍ട്ട് മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ അഭിനയം നോക്കി നിന്ന് നമ്മുടെ അഭിനയം വിട്ടുപോകും. അതാണ് പ്രശ്‌നം (ചിരി), വാണി വിശ്വനാഥ് പറയുന്നു.
സിനിമയില്‍ തനിക്ക് സുഹൃത്തുക്കള്‍ കുറവാണെന്നും താന്‍ രണ്ടാമതും സിനിമയിലേക്ക് വരുന്നത് പോലും അതുകൊണ്ട് തന്നെ പലരും അറിഞ്ഞു കാണില്ലെന്നും വാണി വിശ്വനാഥ് പറഞ്ഞു. ഹിറ്റ്‌ലര്‍ അഭിനയിക്കുമ്പോള്‍ ശോഭന എന്റെ ഫ്രണ്ടാണ്. ജനാധിപത്യം അഭിനയിക്കുമ്പോള്‍ ഉര്‍വശി ഫ്രണ്ടാണ്. അത് പക്ഷേ ആ സിനിമ കഴിയുന്നതോടെ തീരും.
ന്യൂജനറേഷനിലെ എല്ലാവരും അനായാസം അഭിനയിക്കുന്നവരാണെന്നും പലരുടേയും അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. നടന്മാരും നടിമാരും അങ്ങനെ തന്നെയാണ്. എല്ലാം പഠിച്ചാണ് അവര്‍ വരുന്നത്. അവരുടെ കയ്യില്‍ തന്നെ ഒരു പുതിയ ഐഡിയയും ആശയവും ഉണ്ട്.
പുറത്തൊക്കെ ചെല്ലുമ്പോള്‍ മലയാളികള്‍ക്ക് കുറച്ച് അഹങ്കാരം കൂടുതലാണെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. മമ്മൂക്കയും മോഹന്‍ലാലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ അഹങ്കാരം നമുക്കുണ്ടാകും (ചിരി), താരം പറഞ്ഞു.
Highlight: Actress Vani Viswanath about her police roles and mammootty and suresh gopi