മലയാളികള്‍ക്ക് സുപരിചിതയായ കലാകാരിയാണ് ഉത്തര ഉണ്ണി. പ്രേക്ഷക പ്രീതിയാര്‍ജിച്ച ‘മാമ്പഴം’ റിയാലിറ്റി ഷോയിലൂടെ അവതാരകയായി മിനി സ്‌ക്രീനിലും കഴിവ് തെളിയിച്ച ഉത്തര ഉണ്ണി സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിന് പറ്റിയ വാക്കുകളാണെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
‘ചിലപ്പോള്‍ നമുക്ക് ആവശ്യം വരുന്നത് ചെറിയ അംഗീകാരമോ, കുറച്ച് ശ്രദ്ധയോ, അല്‍പം സ്‌നേഹമോ പ്രശംസയോ ഒക്കെയായിരിക്കാം.
ഇത്തരം ചിന്തകള്‍ തന്നെയാണ് നമ്മുടെ ജീവിതം സങ്കീര്‍ണമാക്കുന്നതും.
എന്തിനാണ് മറ്റുളളവര്‍ നമ്മെ അംഗീകരിക്കണമെന്ന് വാശി പിടിക്കുന്നത്? നമുക്ക് ആത്മവിശ്വാസമുള്ളപ്പോഴും മറ്റുളളവരുടെ പ്രശംസക്ക് കാത്തു നില്‍ക്കുന്നത് എന്തിനാണ്? നമ്മള്‍ അവഗണിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്ന് വിചാരിക്കുന്നത് എന്തിനാണ്?’ ഉത്തരയുടെ വാക്കുകള്‍.
ആവശ്യമില്ലാത്ത ഈഗോ കൊണ്ട് തല പുകയ്ക്കുന്നതിന്റെ ആവശ്യമുണ്ടോ എന്നാണ് താരം ചോദിക്കുന്നത്. പോസ്റ്റില്‍ പറയുന്ന ആകുലതകള്‍ക്കെല്ലാം പരിഹാരവും അവര്‍ പങ്കുവെക്കുന്നുണ്ട്.
ഒരാളെ അയാളായി അംഗീകരിക്കുകയും പ്രതീക്ഷകളൊന്നുമില്ലാതെ ചേര്‍ത്തു പിടിക്കുകയും ചെയ്യുമ്പോള്‍ ജീവിതം കുറച്ച് കൂടി എളുപ്പമാകും,’ ഇന്ന് മുതല്‍ അങ്ങനെ ചെയ്തു കൂടേയെന്ന് ചോദിച്ച് കൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ് ഉത്തര.
നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ എന്ന നിലയിലാണ് ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായി മാറുകയായിരുന്നു ഉത്തര ഉണ്ണി. മികച്ച നര്‍ത്തകിയും ഷോര്‍ട്ട് ഫിലിം ഡയറക്ടറും കൂടിയാണ് താരം.