ഞാൻ വഞ്ചിക്കപ്പെട്ടു, എനിക്ക് പകരം മറ്റൊരാളെ വെച്ച് ആ സീനെടുത്തു, ഒടുവിൽ പടത്തിന് എ സർട്ടിഫിക്കറ്റ്: ഉഷ
Entertainment
ഞാൻ വഞ്ചിക്കപ്പെട്ടു, എനിക്ക് പകരം മറ്റൊരാളെ വെച്ച് ആ സീനെടുത്തു, ഒടുവിൽ പടത്തിന് എ സർട്ടിഫിക്കറ്റ്: ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 2:51 pm

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയാണ് ഉഷയെന്ന ഹസീന അനീഫ്. ഉഷ എന്ന പേരിലായിരുന്നു അവർ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നത്.

കിരീടം, ചെങ്കോൽ, വടക്കുനോക്കി യന്ത്രം തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉഷ സിനിമ തെരഞ്ഞെടുപ്പിൽ തനിക്ക് പറ്റിയ തെറ്റിനെ കുറിച്ച് പറയുകയാണ്.

ബാബു നാരായണൻ സംവിധാനം ചെയ്ത പൊന്നരഞ്ഞാണം എന്ന ചിത്രം വലിയൊരു വഞ്ചനയായിരുന്നുവെന്നും കഥ പറഞ്ഞ രീതിയിലല്ല പിന്നീടുള്ള ഷൂട്ട്‌ മുന്നോട്ട് പോയതെന്നും ഉഷ പറയുന്നു. ലെസ്ബിയൻ കഥയാണെന്ന് പറഞ്ഞെങ്കിലും എന്താണ് ലെസ്ബിയൻ എന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഷൂട്ട്‌ പൂർത്തിയാക്കാതെ തിരിച്ച് വന്നപ്പോൾ തന്റെ ഭാഗങ്ങൾ ഒരു അസോസിയേറ്റ് ഡയറക്ടറെ വെച്ച് ഷൂട്ട്‌ ചെയ്‌തെന്നും ഉഷ പറഞ്ഞു. രേഖ നമ്പ്യാർക്ക് നൽകിയ അഭിമുഖത്തിൽ ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ഉഷ.

‘പൊന്നരഞ്ഞാണം എന്ന സിനിമ വലിയൊരു വഞ്ചനയായിരുന്നു. സംവിധായകൻ ബാബു നാരായണന്റെ സിനിമയായിരുന്നു അത്. തിരക്കഥ കലൂർ ഡെന്നിസ്. രണ്ട് സ്ത്രീകളുടെ കഥയാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ഞാനതിൽ അഭിനയിക്കുന്നത്. പറഞ്ഞ രീതിയിലല്ല സിനിമ പോകുന്നതെന്ന് തോന്നിയപ്പോൾ തിരിച്ചുപോന്നു.

പക്ഷേ, ഡെന്നിസ് സാറ് വന്ന് സംസാരിച്ചു. എന്നിട്ടും ക്ലൈമാക്‌സ് സീനഭിനയിക്കാതെ ഞാൻ പോന്നു. മഹേഷും ഞാനും ഒരു മരത്തിനടിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന സീനായിരുന്നു. ക്യാമറ പാൻ ചെയ്തുപോകുമ്പോൾ ശാരീരികബന്ധമുണ്ടായത് പോലെയാണ് തോന്നുക.

അതൊന്നും അന്നെനിക്ക് മനസ്സിലായില്ല. അസോസിയേറ്റ് ഡയറക്ടറെ എൻ്റെ വസ്ത്രമണിയിച്ച് കിടത്തിയാണ് അത് ഷൂട്ട് ചെയ്തതെന്നാണ് പറഞ്ഞത്. അങ്ങനെ ഒരു ഷോട്ടേയുള്ളൂ. പക്ഷേ, പടം സെൻസർ ബോർഡിന് മുന്നിലെത്തിയപ്പോൾ എ സർട്ടിഫിക്കറ്റാണ് നൽകിയത്.

ലെസ്ബിയൻസിൻ്റെ കഥയാണെന്നാണ് പറഞ്ഞത്. അക്കാലത്ത് ലെസ്ബിയൻസ് എന്താണെന്നുപോലുമറിയില്ല. അന്നെനിക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു ആ സിനിമ. അച്ഛനായി അഭിനയിച്ചത് ഇന്നസെന്റേട്ടനായിരുന്നു. മാമുക്കോയ, ഗണേഷേട്ടൻ, മഹേഷേട്ടൻ അങ്ങനെ നല്ല ആർട്ടിസ്റ്റുകളാണുണ്ടായിരുന്നത്.

സിനിമയെടുക്കുമ്പോൾ നമ്മുടെ സീൻ അഭിനയിച്ച് തിരിച്ചുപോരുന്നതല്ലാതെ, ബാക്കിയുള്ള സീനുകളെന്താണെന്ന് അറിയണമായിരുന്നു. അതല്ലാതെ, മറ്റൊരു മോശം അനുഭവവും സിനിമയിൽ നിന്നുണ്ടായിട്ടില്ല. ഇന്ന് എന്റെ കാര്യങ്ങൾ കൃത്യമായി തുറന്നുപറയാറുണ്ട്. സംഘടനകളുണ്ട്. ആവശ്യങ്ങളുന്നയിക്കാറുണ്ട്,’ഉഷ പറയുന്നു.

 

Content Highlight: Actress Usha Talk About Ponnaranjaanam Movie