| Wednesday, 31st July 2024, 12:53 pm

ചെങ്കോൽ ഉഷയുടെ സിനിമയാണെന്ന് അന്ന് ലാലേട്ടൻ പറഞ്ഞു: ഉഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയാണ് ഉഷയെന്ന ഹസീന അനീഫ്. ഉഷ എന്ന പേരിലായിരുന്നു അവർ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നത്.

കിരീടം, ചെങ്കോൽ, വടക്ക് നോക്കി യന്ത്രം തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉഷ ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല.

ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സേതുമാധവന്റെ പെങ്ങൾ എന്ന പേരിലാണ് ഇപ്പോഴും താൻ അറിയപ്പെടുന്നതെന്ന് ഉഷ പറയുന്നു. തന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് തിലകനും മോഹൻലാലും സംസാരിച്ചിട്ടുണ്ടെന്നും അതെല്ലാം വലിയ പുരസ്‌കാരത്തിന് തുല്യമാണെന്നും ഉഷ പറയുന്നു. രേഖ നമ്പ്യാർക്ക് നൽകിയ അഭിമുഖത്തിൽ ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ഉഷ.

‘തിലകൻചേട്ടൻ ബാപ്പയോട് പറഞ്ഞത് ഞാനോർക്കുന്നുണ്ട് അവൾ മിടുക്കിയാണ്, ആരുടെകൂടെ അഭിനയിക്കാനും അവൾക്ക് പേടിയില്ലയെന്ന്. അതുപോലെ, ചെങ്കോലിൻ്റെ ഡബ്ബിങ് കഴിഞ്ഞിരിക്കുന്ന സമയത്ത് എന്റെ പാട്ടുകാസറ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് ലാലേട്ടനെ കാണാൻപോയി. അന്ന് അദ്ദേഹം പിറവത്ത് പവിത്രത്തിൻ്റെ ലൊക്കേഷനിലാണ്.

അദ്ദേഹം പറഞ്ഞു, ഡബ്ബ് ചെയ്‌തത്‌ അസലായിട്ടുണ്ട്, ചെങ്കോൽ ഉഷയുടെ സിനിമയാണ് എന്ന്. അതൊക്കെ എനിക്ക് കിട്ടിയ വിലമതിക്കാനാവാത്ത അംഗീകാര ങ്ങളാണ്. കോട്ടയം കുഞ്ഞച്ചനും ചെങ്കോലുമൊക്കെ മമ്മൂക്കയുടെയും ലാലേട്ടന്റെയും കരിയറിലെ നിർണായകമായ സിനിമകളാണ്. അതിലെല്ലാം എനിക്കും മികച്ച വേഷങ്ങൾ ലഭിച്ചു.

ചെങ്കോലിലെ ലത എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ്. ആധാരം, മിഥുനം, സ്ത്രീധനം, വാർധക്യപുരാണം, കുടുംബവിശേഷം, ഭീഷ്‌മാചാര്യ, വധു ഡോക്ടറാണ്, ഗുരുശിഷ്യൻ, അഞ്ചരക്കല്യാണം, വർണപ്പകിട്ട്, അച്ഛനുറങ്ങാത്ത വീട്, കറുത്ത ജൂതൻ, അച്ചായൻസ്, ചീനാ ട്രോഫി തുടങ്ങി എത്രയെത്ര പടങ്ങൾ, എത്രയെത്ര കഥാപാത്രങ്ങൾ.. പക്ഷേ, ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് സേതുമാധവൻ്റെ പെങ്ങളായിട്ടാണ്,’ഉഷ പറയുന്നു.

Content Highlight: Actress Usha Talk About Mohanlal And Chenkol Movie

We use cookies to give you the best possible experience. Learn more