തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയാണ് ഉഷയെന്ന ഹസീന അനീഫ്. ഉഷ എന്ന പേരിലായിരുന്നു അവർ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നത്. കിരീടം, ചെങ്കോൽ, വടക്ക് നോക്കി യന്ത്രം തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉഷ ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല. മലയാളികൾ ഇന്നും ഓർക്കുന്ന ഉഷയുടെ കഥാപാത്രമാണ് കിരീടത്തിലെ മോഹൻലാലിന്റെ അനിയത്തിയായി എത്തിയ കഥാപാത്രം.
കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലിലും ഉഷ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവൻ ഒരു ഹോട്ടൽ മുറിയിൽ വെച്ച് അനിയത്തിയേയും അച്ഛനെയും കാണുന്ന സീനുണ്ട്. വളരെ ഹൃദയസ്പർശിയായ രംഗമായിരുന്നു ഇത്.
ആ സീനിൽ താൻ ഗ്ലിസറിൻ ഒന്നുമില്ലാതെയാണ് അഭിനയിച്ചതെന്നും ആ ഡയലോഗുകൾ ഇന്ന് പറയുമ്പോഴും തന്റെ കണ്ണ് നിറയുമെന്നും ഉഷ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അവർ.
‘ലാലേട്ടൻ എന്നെ വീട്ടിലേക്ക് തിരിച്ചുകൊണ്ട് ആക്കുന്ന ഒരു സീനുണ്ട്. ആ സമയത്ത് ഞാൻ പറയുന്ന ഒരു ഡയലോഗുണ്ട്, അച്ഛൻ പാവമാണ് ഞാനാണ് തെറ്റ് ചെയ്തത്, രമേശന്റെ പഠിപ്പൊന്നും മുടങ്ങാൻ പാടില്ല, ഞാൻ അച്ഛനെ കൂടെ കൂട്ടിയിട്ട് പോവും കാവലിന് വേണ്ടി. ആരും അറിയാതെ കരയുന്ന അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്. ഞാനാണ് തെറ്റുകാരിയെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഒരു സീനുണ്ട്.
എനിക്കിപ്പോഴും ആ ഡയലോഗ് പറയുമ്പോൾ എന്റെ കണ്ണ് നിറയും. അത് ഞാൻ ഗ്ലിസറിൻ ഇല്ലാതെയാണ് അന്ന് ചെയ്തത്,’ഉഷ പറയുന്നു.
Content Highlight: Actress Usha Talk About Chenkol Movie Scene