| Tuesday, 15th August 2023, 7:48 pm

അതുപോലൊരു കഥാപാത്രം ഇനി ചെയ്യാന്‍ താല്‍പര്യമില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികത്തിലെ തുളസിയെ പോലെയൊരു കഥാപാത്രം വന്നാല്‍ ഇനി ചെയ്യില്ലെന്ന് നടി ഉര്‍വശി. ആടുതോമയോടുള്ള പ്രണയവും അയാളുടെ മൂല്യം എല്ലാം സൂക്ഷിക്കുന്ന ഒരു കഥാപാത്രം എന്നതിനപ്പുറത്ത് വിവിധ ഭാവങ്ങളൊന്നുമുള്ള ഒരു കഥാപാത്രമല്ല തുളസിയെന്നും തലയണമന്ത്രം പോലെയോ അല്ലെങ്കില്‍ മറ്റുള്ള സിനിമകളിലേത് പോലെയൊന്നുമുള്ള കഥാപാത്രമല്ല അതെന്നും ഉര്‍വശി പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഇപ്പോഴും ആള്‍ക്കാരെല്ലാം സംസാരിക്കുകയും കാണുകയും ചെയ്യുന്ന സിനിമയാണ് ‘സ്ഫടികം’. വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമേ ഇത്തരം ഭാഗ്യം ലഭിക്കുകയുള്ളൂ. എല്ലാവരും ഇപ്പോഴും ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്.

‘സ്ഫടികം 2’ തിയേറ്ററില്‍ പോയി കണ്ടില്ല. ഫസ്റ്റ് ഹാഫ് കുറച്ച് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ചെന്നൈയിലെ തിയേറ്ററില്‍നിന്ന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ക്കെല്ലാം ഭയങ്കര ആവേശമായിരുന്നു. പാട്ടുപാടുകയും ബഹളം വെക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

‘സ്ഫടിക’ത്തിലെ തുളസിയെ പോലെ ഒരു കഥാപാത്രം ഇനിയും കിട്ടിയാല്‍ ചെയ്യണമെന്ന് ആഗ്രഹമില്ല. ആടുതോമ എന്ന തോമസിനോടുള്ള പ്രണയവും അയാളുടെ മൂല്യം എല്ലാം സൂക്ഷിക്കുന്ന ഒരു കഥാപാത്രം എന്നതിനപ്പുറത്ത് വിവിധ ഭാവങ്ങളൊന്നുമുള്ള ഒരു കഥാപാത്രമല്ല അത്.

‘തലയണമന്ത്രം’ പോലെയോ അല്ലെങ്കില്‍ മറ്റുള്ള സിനിമകളിലേത് പോലെയൊന്നുമുള്ള കഥാപാത്രമല്ല അത്. അവളിലൂടെയാണ് തോമസിന്റെ നന്മ അറിയുന്നത് എന്നുള്ളതാണ് ആ കഥാപാത്രം. അന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. ഒരു കഥാപാത്രത്തെ പോലെയും മറ്റൊരു കഥാപാത്രം ചെയ്യുന്നതിന് എനിക്ക് താല്‍പര്യമില്ല,’ ഉര്‍വശി പറഞ്ഞു.

സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുകയാണെന്നും ഫിലിം ആര്‍ട്ടിസ്റ്റ് എന്ന് പറയുമ്പോള്‍ തന്നെ കല്ലുകടി ആണെന്നും ഉര്‍വശി പറഞ്ഞു.

‘സിനിമയില്‍ എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്നു സിനിമ കളര്‍ ആയി. കളറിലേക്ക് മാറുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഉണ്ടാകുന്ന ഓവര്‍ മേക്കപ്പ് ഉണ്ടാകില്ല. അത് മാറി വന്നു. കളറില്‍ തന്നെ പലപല മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ ഫിലിമേ ഇല്ല. ഫിലിം ആര്‍ട്ടിസ്റ്റ് എന്ന് പറയുമ്പോള്‍ തന്നെ നമുക്കൊരു കല്ലുകടി ആണ്. ഫിലിം ഇല്ലല്ലോ പിന്നെയാണോ ഫിലിം ആര്‍ട്ടിസ്റ്റ്.

അങ്ങനെ ഇത്തരത്തില്‍ സാങ്കേതികത ഒരുപാട് വളര്‍ന്നു. അഭിനയത്തിന്റെ ശൈലിയിലും അങ്ങനെ തന്നെയാണ്. നമ്മുടെ റിയാക്ഷന്‍സും മാറുകയാണ്. പണ്ട് ഒരു മരണത്തെ സമീപിച്ചിരുന്നത് പോലെയല്ല ഇന്നത്തെ തലമുറ കാണുന്നത്. എന്റെ മകള്‍ റിയാക്ട് ചെയ്യുന്നതുപോലെയല്ല ഞാന്‍ ചെയ്യുക. ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് അയ്യോ അങ്ങനെ പറ്റി പോയല്ലോ എന്ന് പറയുമ്പോള്‍ മകള്‍ പറയുന്നത് മറ്റൊരു രീതിയിലാണ്. എന്താണ് അമ്മ, സുഖമില്ലാതെ മരിച്ചതല്ലേ, നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നാണ് മകള്‍ പറയുക. ജനറേഷന്‍ മാറ്റത്തിനനുസരിച്ച് സിനിമയും ലഘുവായി,’ ഉര്‍വശി പറഞ്ഞു.

Content Highlight: Actress Urvashi says that she will not do a role like Thulasi in Sphatikam

We use cookies to give you the best possible experience. Learn more