ലളിതചേച്ചി അറിഞ്ഞതോടെ കള്ളി പൊളിഞ്ഞു; ഇനി മുതല്‍ ഷൂട്ടിന് രാവിലെ വരണമെന്ന് പറഞ്ഞാണ് ഭരതേട്ടന്‍ പോയത്: ഉര്‍വശി
Entertainment news
ലളിതചേച്ചി അറിഞ്ഞതോടെ കള്ളി പൊളിഞ്ഞു; ഇനി മുതല്‍ ഷൂട്ടിന് രാവിലെ വരണമെന്ന് പറഞ്ഞാണ് ഭരതേട്ടന്‍ പോയത്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th April 2022, 8:16 am

മലയാളത്തിന് പുറമെ തെന്നിന്ത്യയിലും സജീവമായ നടിയാണ് ഉര്‍വശി. വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് താരം എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്.

നായികാ വേഷത്തിലും അമ്മയായുമെല്ലാം വളരെ പെട്ടെന്നാണ് ഉര്‍വശി പ്രേക്ഷക മനസിലിടം നേടിയത്. ഇപ്പോഴിതാ തന്റെ സിനിമാഭിനയത്തിന്റെ തുടക്കകാലത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

സിനിമ സെറ്റിലെ രഹസ്യ യോഗയെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു താരം രസകരമായ സംഭവം പറഞ്ഞത്.

‘വെങ്കലം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഭരതന്‍ അങ്കിളിന് രാവിലത്തെ ലൈറ്റിലൊക്കെ സീനുകള്‍ എടുക്കണം. അപ്പോള്‍ എന്നോട് നേരത്തെ വരാന്‍ പറഞ്ഞു. അപ്പോള്‍ നേരത്തെ വരാന്‍ പറ്റില്ല യോഗ ചെയ്യണമെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ഒരു ദിവസം മിസ് ചെയ്താല്‍ തല കറക്കം വരുമെന്നൊക്കെ അദ്ദേഹത്തിനോട് തട്ടിവിട്ടു.

എന്നാല്‍ ഈ കാര്യം കെ.പി.എ.സി ലളിതചേച്ചി അറിഞ്ഞു, അതോടെ കള്ളി പൊളിഞ്ഞു. തൊട്ട് അടുത്ത ദിവസം രാവിലെ ലോഹിയേട്ടനും ഭരതന്‍ അങ്കിളും റൂമില്‍ വന്ന് തട്ടുകയാണ്. ഉറക്കം പോകാതിരിക്കാന്‍ പകുതി കണ്ണ് മാത്രം തുറന്ന് കൊണ്ട് മുറി തുറന്ന് കൊടുത്തു. ഇടിച്ച് അകത്ത് കയറിയപ്പോഴാണ് ആളെ കണ്ടത്. ഇവരെ കണ്ടതും ഞാന്‍ ഞെട്ടി. ഇനി മുതല്‍ തന്റെ ഷൂട്ടിന് രാവിലെ വരണമെന്ന് പറഞ്ഞാണ് ഭരതേട്ടന്‍ പോയത്,’ ഉര്‍വശി പറയുന്നു.

സിനിമയോ സിനിമക്കാരോ തന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ലെന്നും ഉര്‍വശി പറയുന്നു.

‘പൊടിമോളെന്നാണ് സിനിമയിലുള്ളവര്‍ വിളിക്കാറുള്ളത്. മൂന്ന് മക്കളുടെ കൂട്ടത്തില്‍ ഏറ്റവും ഇളയ ആളാണ് ഞാന്‍. പൊടിമോളാണ് പിന്നീട് ഉര്‍വശിയും ചേച്ചിയും മാഡവുമൊക്കെയായത്. മലയാളം കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹം കിട്ടുന്നത് തമിഴില്‍ നിന്നാണ്. ഗ്ലാമറസായ ഇന്‍ഡസ്ട്രിയാണ് തെലുങ്ക്. അതുകൊണ്ട് കുറെയധികം ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്,’ താരം പറയുന്നു.

ഉര്‍വ്വശിയെ കേന്ദ്രകഥാപാത്രമാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. ജോയി മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്.

കെ.വി. സുബ്രഹ്മണ്യന്‍ സംഗീതം. കലാസംവിധാനം മനു ജഗത്തും പി.ആര്‍.ഒ. എ.എസ്. ദിനേശുമാണ്. ചിത്രത്തില്‍ ഉര്‍വ്വശിയെ കൂടാതെ, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Actress Urvashi says about KPAC Lalitha and Bharathan