മനസാക്ഷിക്ക് വിരുദ്ധമായ സിനിമ ചെയ്യാന്‍ ഇപ്പോഴെനിക്ക് പറ്റില്ല, പണ്ടൊക്കെ അങ്ങനെയുണ്ടായിട്ടുണ്ട്: ഉര്‍വശി
Entertainment news
മനസാക്ഷിക്ക് വിരുദ്ധമായ സിനിമ ചെയ്യാന്‍ ഇപ്പോഴെനിക്ക് പറ്റില്ല, പണ്ടൊക്കെ അങ്ങനെയുണ്ടായിട്ടുണ്ട്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th April 2022, 12:03 pm

1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് ഉര്‍വശി. തന്റെ 13ാം വയസിലാണ് ഉര്‍വശി നായികയായി അഭിനയിക്കുന്നത്.

ഇക്കാലയളവില്‍ 500ലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം, മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉര്‍വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉര്‍വശിയുടേതാണ്.

ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സിന് ഉര്‍വശി നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യാന്‍ തനിക്ക് പറ്റില്ലെന്നാണ് താരം പറയുന്നത്.

‘ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. കഥ പറയുമ്പോള്‍ അതിലുള്ള സംശയങ്ങള്‍ അവരോട് ചോദിക്കും, ചിലത് മെച്ചപ്പെടുത്താനുണ്ടെങ്കില്‍ സംവിധായകരുടെ സമ്മതത്തോടെയെല്ലാം ചെയ്യാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യുക എന്ന പറഞ്ഞാല്‍ അതെനിക്ക് പറ്റില്ല.

പണ്ടൊക്കെ അങ്ങനെ ഒരുപാടുണ്ടായിട്ടുണ്ട്. എല്ലാവരും അച്ഛന്റേയും അമ്മയുടേയും പരിചയക്കാരും ബന്ധുക്കളുമൊക്കെയാവും, കണ്ടന്റ് നല്ലതൊന്നുമാവില്ല, എന്നാല്‍ അവര്‍ക്ക് വേണ്ടി ചെയ്യും. എഫേര്‍ട്ട് എടുത്തിട്ട് പുറത്തുവരാത്ത സിനിമകളുമുണ്ട്. അത് പുറത്തിറങ്ങാത്തതിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും, പ്രൊഡക്ഷന്‍ സൈഡിലോ അല്ലങ്കില്‍ വേറെന്തെങ്കിലോ ആയിട്ട്, അതില്‍ ഒരു ആര്‍ട്ടിസ്റ്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല,’ ഉര്‍വശി പറയുന്നു.

ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്‌സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണെന്നും ഉര്‍വശി പറഞ്ഞു.

അടുത്ത ജന്മത്തില്‍ ഉര്‍വശിയായി ജനിക്കണോയെന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് താരം മറുപടി പറയുന്നത്.

‘ജനിച്ച് പതിനാല് ദിവസം കഴിഞ്ഞാണ് ഞാന്‍ ഉര്‍വശിയാകുന്നത്. അല്ലാതെ തൊട്ടിലില്‍ നിന്ന് നേരിട്ട് ഉര്‍വശിയായതല്ല. തുടക്ക കാലത്തൊക്കെ ഈ പേര് മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. അന്ന് ഈ പേര്‍ ആര്‍ക്കുമില്ല, ഇന്നും ആര്‍ക്കും ഈ പേരില്ലയെന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്,’ ഉര്‍വശി പറയുന്നു.

Content Highlights: Actress Urvashi says about her old movies