| Wednesday, 24th May 2023, 5:50 pm

ആ സിനിമ ഒരിക്കല്‍ക്കൂടി കണ്ടപ്പോള്‍ വിഷമം തോന്നി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, തിലകന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് എന്നിവരുടെ വേര്‍പാട് തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് നടി ഉര്‍വശി. സ്ഫടികം വീണ്ടും കണ്ടപ്പോള്‍ തനിക്കൊരുപാട് വിഷമം തോന്നിയെന്നും റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.

‘ആ ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ വിഷമമാകും. സ്ഫടികം വീണ്ടും കണ്ടപ്പോള്‍ എനിക്കൊരുപാട് വിഷമം ആണ് തോന്നിയത്. കാരണം, ഇനി ആ ഒരു കാലമില്ലല്ലോ. പിന്നെയുള്ളൊരു സന്തോഷം എന്തെന്നാല്‍ അവരെയൊക്കെ ആ രൂപത്തിലും ഭാവത്തിലും ഒരിക്കല്‍ കൂടി കാണാമെന്നതാണ്. ഇപ്പോഴും അവരൊക്കെ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും.

എത്ര ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളാണ് ആ ഒരു കാലഘട്ടത്തിലുണ്ടായിരുന്നത്. ഒടുവില്‍ അങ്കിള്‍ (ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍), തിലകന്‍ ചേട്ടന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് ഇവരുടെയൊക്കെ സാന്നിധ്യം കൊണ്ട് അത്ര സമൃദ്ധിയുള്ളൊരു കാലമായിരുന്നു അതെന്ന് അന്ന് നമ്മള്‍ മനസ്സിലാക്കിയില്ല. എന്നാല്‍ ഇന്ന് നമുക്കത് മനസ്സിലാവുന്നു. ഒരുപാട് മിസ്സ് ചെയ്യുന്നു അവരെയൊക്കെ,’ ഉര്‍വശി പറഞ്ഞു.

ശ്രീനിവാസന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകളിലെ കഥാപാത്രങ്ങള്‍ വളരെ റിലേറ്റബിളായിരിക്കുമെന്നും ഉര്‍വശി പറഞ്ഞു.

‘ശ്രീനിയേട്ടന്റെയും (ശ്രീനിവാസന്‍) ,സത്യേട്ടന്റെയും (സത്യന്‍ അന്തിക്കാട്) സിനിമകള്‍ക്കുള്ളൊരു പ്രത്യേകതയെന്തെന്നാല്‍ അവരുടെ സിനിമകളിലെ കഥാപാത്രങ്ങളെയൊക്കെ നമ്മള്‍ എവിടെയെങ്കിലുമൊക്കെ വച്ച് കണ്ടവരായിരിക്കും. വളരെ റിലേറ്റ് ചെയ്യാന്‍ സാധിക്കും.

ഞാന്‍’തലയണമന്ത്ര’ത്തില്‍ചെയ്ത കഥാപാത്രമായ കാഞ്ചന പോലും എനിക്ക് വ്യക്തിപരമായി അറിയാവുന്നൊരാളുമായി വളരെ സാമ്യമുള്ളൊരു കഥാപാത്രമാണ്. ചിരിച്ചുകൊണ്ട് നമ്മുടെ കഴുത്തറുക്കുന്നൊരു കഥാപാത്രമാണത്. വലിയ ആനക്കള്ളങ്ങളൊക്കെയാണിവര്‍ പറയുന്നതെങ്കിലും, പക്ഷേ അതൊക്കെ നമുക്ക് ശരിക്കും പറയുന്ന പോലെ തോന്നും.

എന്റെ അച്ഛമ്മയെന്ന വ്യക്തി വളരെ നാട്ടും പുറത്തുകാരിയും, നിഷ്‌കളങ്കയും, ആരുടെ മുന്നിലും എന്തും വിളിച്ചു പറയുന്നൊരു വ്യക്തിത്വമുള്ളവരാണ്. അവരെപ്പോലുള്ള കഥാപാത്രങ്ങള്‍ ഇവരുടെ സിനിമകളിലുണ്ട്,’ ഉര്‍വശി പറഞ്ഞു.

ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ചാള്‍സ് എന്‍ര്‍പ്രൈസസ്’. നവാഗതനായ സുബാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  ബാലു വര്‍ഗ്ഗീസ്, ഗുരു സോമസുന്ദരം, എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Content Highlights: Actress Urvashi about malayalam actors

We use cookies to give you the best possible experience. Learn more