ഇന്ന് നായകനെക്കാള്‍ സുന്ദരന്മാരാണ് വില്ലന്മാര്‍: ഉര്‍വശി
Entertainment news
ഇന്ന് നായകനെക്കാള്‍ സുന്ദരന്മാരാണ് വില്ലന്മാര്‍: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th August 2023, 12:58 pm

പഴയ കാലത്തെ വില്ലന്‍ കഥാപാത്രങ്ങളെ പറ്റി പറയുകയാണ് നടി ഉര്‍വശി. പണ്ട് പ്രധാന വില്ലനായിരുന്നത് ടി.ജി. രവി ചേട്ടനായിരുന്നുവെന്നും അദ്ദേഹത്തെ പേടിക്കേണ്ടെന്നും ഉര്‍വശി പറഞ്ഞു.

ക്രൂരമായ മുഖം ആണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മേക്കപ്പ് എല്ലാം ചെയ്താണ് പണ്ട് സ്‌ക്രീനിന് മുന്നില്‍ വില്ലന്മാരെ എത്തിച്ചിരുന്നതെന്നും എന്നാല്‍, ഇന്ന് നായകനെക്കാള്‍ സുന്ദരന്മാരാണ് വില്ലന്മാരെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.

‘നമ്മള്‍ പാമ്പിനെ കണ്ടാല്‍ എന്റെ അമ്മച്ചിയേ എന്നോ അയ്യോ എന്നോ പറഞ്ഞുകൊണ്ടായിക്കും ഓടുന്നത്. ജീവിതത്തില്‍ ഇന്നുവരെയും ഒരു സ്ത്രീയും പാമ്പിനെ കണ്ടോ കള്ളനെ കണ്ടോ കൈകൊണ്ട് വായ പൊതിഞ്ഞു പഴയകാല സിനിമകളില്‍ കാണുന്നതുപോലെ ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി കരഞ്ഞിട്ടുണ്ടാകില്ല. പ്രത്യേകിച്ച് ഹിന്ദി സിനിമയിലെ നായികമാര്‍. അവര്‍ വെറുതെ കൈകൊണ്ട് വായ പൊതിഞ്ഞു ശബ്ദമുണ്ടാക്കുന്നുണ്ടാവും.

നമുക്ക് മുന്‍പ് അഭിനയിച്ചവരാണല്ലോ നമുക്ക് പ്രചോദനമാവുക. ഓരോ കാലഘട്ടത്തിലും ഇതെല്ലാം മാറുകയാണല്ലോ. അക്കാലത്തെ വില്ലനായിരുന്നു ടി.ജി. രവി ചേട്ടന്‍. അദ്ദേഹത്തെ പേടിക്കേണ്ട.

ഏറ്റവും കൂടുതല്‍ സ്റ്റിയറിങ് വളച്ച ആളാണ് രവിച്ചേട്ടന്‍. വില്ലന്റെ കൂടെ അഞ്ചാറ് ആള്‍ക്കാര്‍ കാണും. ഇവിടെ ഫൈറ്റ് നടക്കുമ്പോള്‍ മൂന്നു നാല് പേര്‍ വന്ന് വെറുതെ സ്റ്റിയറിങ് വളക്കുന്നത് പോലെ കാണിക്കും. വെറുതെ നമ്മുടെ കൈപിടിച്ച് വളക്കുകയാണ്. ഇയാള് കുറെ നേരമായല്ലോ, കൈ ഇങ്ങനെ പിടിച്ചു വലിച്ചാല്‍ എന്താണ് പ്രയോജനം എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.

കൈകൊണ്ട് വാ പൊത്തി വിളിക്കുകയായിരിക്കും അപ്പോള്‍ നായിക ചെയ്യുക. ഇന്നത്തെ വില്ലനും അന്നത്തെ വില്ലനും വേറെയാണെന്ന് തമാശയ്ക്ക് പറഞ്ഞതാണ്. ഇന്നത്തെ വില്ലനെന്നു പറയുന്നത് തന്നെ മാറി. ഇന്നത്തെ വില്ലന്റെ പെരുമാറ്റവും സംസാരശൈലിയും എല്ലാം പഴയതില്‍നിന്നും ഒരുപാട് വ്യത്യസ്തമാണ്. ക്രൂരമായ മുഖം ആണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മേക്കപ്പ് എല്ലാം ചെയ്താണ് പണ്ട് സ്‌ക്രീനിന് മുന്നില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഇന്ന് നായകനെക്കാള്‍ സുന്ദരന്മാരാണ് വില്ലന്മാര്‍. ഇതെല്ലാം കാലത്തിനൊത്ത മാറ്റമാണ്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Actress Urvashi is talking about villain characters