| Sunday, 20th August 2023, 5:38 pm

അന്ന് കൂടെയുള്ള ആക്ടേഴ്‌സ് കളിയാക്കുന്നതൊക്കെ വിനയത്തോടൊണ് ഇന്ദ്രന്‍സേട്ടന്‍ കേട്ടത്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രന്‍സിനെ പറ്റി സംസാരിക്കുകയാണ് നടി ഉര്‍വശി. കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നതെന്നും തന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇന്ദ്രന്‍സേട്ടന്‍ വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വര്‍ക്ക്. എനിക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. എന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. ഭദ്രന്‍ സാറിനെ പോലെയും ഭരതന്‍ അങ്കിളിനെ പോലെയുമുള്ളവര്‍ അദ്ദേഹത്തെ ഇരുത്തി കളര്‍ കോമ്പിനേഷനെ പറ്റി സംസാരിക്കണമെങ്കില്‍ ആ കൂട്ടത്തില്‍ അത്രയും സെന്‍സുള്ള ആളായതുകൊണ്ടല്ലേ.

അന്നത്തെ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി റോള്‍സൊക്കെ പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന ആക്ടേഴ്‌സ് കളിയാക്കുന്നതൊക്കെ അതേ വിനയത്തോടുകൂടിയാണ് സ്വീകരിച്ചിരുന്നത്. ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന് ദൈവം അറിഞ്ഞുകൊടുത്തതാണ്.

ആദ്യം ഇന്ദ്രന്‍സ് ചേട്ടനെ കോസ്റ്റ്യൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ കോമഡിയായി എന്റെ കൂടെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രന്‍സ് ചേട്ടന്‍ ആയാലും അവരെയൊക്കെ അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം,’ ഉര്‍വശി പറഞ്ഞു.

Content Highlight: Actress Urvashi is talking about Indrans

We use cookies to give you the best possible experience. Learn more