|

അവരുടെ നിര്‍ബന്ധത്തിനാണ് യോദ്ധയില്‍ അഭിനയിച്ചത്; വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് യോദ്ധ. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, ഉര്‍വശി, മധുബാല എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1992ലാണ് ചിത്രം പുറത്തിറങ്ങിയത്.

യോദ്ധയില്‍ കുറഞ്ഞ ചില രംഗങ്ങളില്‍ മാത്രമെ ഉര്‍വശിയുണ്ടായിട്ടുള്ളുവെങ്കിലും ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമാണ് താരത്തിന്റെ ദമയന്തി. യോദ്ധയിലേക്ക് ആദ്യം മുഴുനീള കഥാപാത്രമായാണ് വിളിച്ചതെങ്കിലും മറ്റ് സിനിമകളുടെ തിരക്ക് കാരണമാണ് ഗസ്റ്റ് റോളില്‍ എത്തിയതെന്ന് പറയുകയാണ് ഉര്‍വശി.

ചെയ്യുമ്പോള്‍ കഥാപാത്രം നന്നാവുമെന്നോ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നോ താന്‍ ആദ്യം കരുതിയിരുന്നില്ലെന്നും ഉര്‍വശി പറഞ്ഞു. ചാള്‍സ് എന്റര്‍പ്രൈസസ് എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

”യോദ്ധയുടെ ഡയറക്ടര്‍ സംഗീത് ശിവന്റെയും ടീമിന്റെയും ആദ്യ സിനിമയായ വ്യൂഹത്തില്‍ ഞാനും രഘുവരനുമാണ് അഭിനയിച്ചത്. അവരുടെ രണ്ടാമത്തെ ചിത്രമാണ് യോദ്ധ. പക്ഷെ ആ സമയത്ത് ഞാന്‍ കുറേ തിരക്കിലായതുകൊണ്ട് നേപ്പാള്‍ വരെ പോയി വര്‍ക്ക് ചെയ്യാന്‍ എനിക്ക് പറ്റില്ലായിരുന്നു. അങ്ങനെ ഞാന്‍ അതില്‍ നിന്നും പിന്മാറി.

അത് അവര്‍ ഒരു പരിഭവമായി എടുത്തത് കൊണ്ട് ഷൊര്‍ണൂരില്‍ പോയി. അവിടെ ചെന്ന് ഞാന്‍ എന്റെ സത്യാവസ്ഥ പറഞ്ഞു. യോദ്ധയില്‍ ഒരു ഗസ്റ്റ് റോള്‍ ഉണ്ടെന്നും അത് അഭിനയിച്ചിട്ട് പോയാല്‍ മതിയെന്നും എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ അന്ന് അവിടെ നിന്നു. രാത്രി വരെ വര്‍ക്ക് ചെയ്ത് എറണാകുളത്തേക്ക് തിരിച്ച് പോയി.

സത്യത്തില്‍ ആ ക്യാരക്ടര്‍ അത്രമാത്രം നന്നാവും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും ആ ക്യാരക്ടറിനെ വലിയ സംഭവമാക്കി പറയുമ്പോഴും എനിക്ക് അതില്‍ ഒന്നും തോന്നിയിട്ടില്ല,” ഉര്‍വശി പറഞ്ഞു.

content highlight: actress urvashi about yodha movie