| Friday, 6th January 2023, 8:54 am

മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ഒന്നുമല്ല, ഏറ്റവും സുന്ദരന്‍ ആ നടനാണ്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരനായ നായകന്‍ ശ്രീനിവാസനാണെന്ന് നടി ഉര്‍വശി. മോഹന്‍ലാല്‍, മമ്മൂട്ടി, ജഗദീഷ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെ പേര് ഓപ്ഷനായി കൊടുത്തതില്‍ നിന്നും തെരഞ്ഞെടുക്കാനായിരുന്നു ഉര്‍വശിയോട് ആവശ്യപ്പെട്ടത്.

എന്തുകൊണ്ടാണ് നിങ്ങള്‍ ശ്രീനിവാസന്റെ പേര് വിട്ട് കളഞ്ഞതെന്നായിരുന്നു ഉര്‍വശി തിരിച്ച് ചോദിച്ചത്. ഏറ്റവും സുന്ദരനായിട്ടുള്ള നടന്‍ ശ്രീനിവാസനാണെന്നും ചോക്ലേറ്റ് ഹീറോസ് ഉണ്ടായിരുന്നപ്പോഴും അതിനേക്കാള്‍ പ്രാധാന്യം ശ്രീനിവാസനുണ്ടായിരുന്നു എന്നുമാണ് ഉര്‍വശി പറഞ്ഞത്.

എല്ലാ നായികമാരുടെ കൂടെയും ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ടെന്നും സൗന്ദര്യത്തിന് അധീതമല്ല കലയെന്നും നടി പറഞ്ഞു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ റിമി ടോമി ചോദിച്ച ചോദ്യത്തിനായിരുന്നു ഉര്‍വശിയുടെ പ്രതികരണം.

”അത് എന്താ ശ്രീനിവാസനെ വിട്ട് കളഞ്ഞത്. ഏറ്റവും സുന്ദരനായിട്ടുള്ള നടന്‍ ശ്രീനിച്ചേട്ടനാണ്. ഞാന്‍ തമാശ പറഞ്ഞതല്ല. അന്ന് ചോക്ലേറ്റ് ഹീറോസ് ഉണ്ടായിരുന്നപ്പോഴും അതിനേക്കാള്‍ വാല്യൂ ഉണ്ടായിരുന്നു ശ്രീനിവാസന്‍ എന്ന നടന്.

എല്ലാ നായികമാരുടെ കൂടെയും ടോപ്പ് സ്റ്റാര്‍സിന്റെ കൂടെയും അഭിനയിച്ചു. ഇപ്പോഴും ഏത് കഥാപാത്രമാണെങ്കിലും ശ്രീനിയേട്ടന്‍ ഓക്കെയാണ്. ഒരു തരിമ്പ് പോലും അദ്ദേഹത്തിനോട് ആര്‍ക്കും വെറുപ്പില്ല.

സൗന്ദര്യത്തിന് അധീതമാണ് കല, അതാണ് സത്യം. എഴുത്തിലും അഭിനയത്തിലും അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ പേര് അങ്ങനെ വിട്ട് കളയാനുള്ളതല്ല,” ഉര്‍വശി പറഞ്ഞു.

തലയണ മന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, അരവിന്ദന്റെ അതിഥികള്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികളിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.

content highlight: actress urvashi about sreenivasan

We use cookies to give you the best possible experience. Learn more