Advertisement
Entertainment news
അമ്പിളി ചേട്ടനോ... തന്തക്കൊപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാന്ന് വിളിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു, ഞാന്‍ ആകെ ചമ്മി വഷളായി: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 13, 08:05 am
Monday, 13th March 2023, 1:35 pm

ജോഡിയായി അഭിനയിച്ചിട്ടും താന്‍ ജഗതി ശ്രീകുമാറിനെ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നതെന്ന് ഉര്‍വശി. തനിക്ക് അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ജഗതിയെ ആദ്യമായി കാണുന്നതെന്നും അന്നുമുതല്‍ ഇന്ന് വരെ അദ്ദേഹത്തെ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നും ഉര്‍വശി പറഞ്ഞു.

ജോഡിയായിട്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്ന് തനിക്ക് വലിയ പ്രയാസമായിരുന്നെന്നും ഉര്‍വശി പറഞ്ഞു. ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ഉര്‍വശിയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് ജഗതിയെക്കുറിച്ച് ഉര്‍വശി സംസാരിച്ചത്.

”അമ്പിളിചേട്ടന്റെ കൂടെയുള്ള ആത്മബന്ധത്തിന് വലിയ വാല്യൂ ഉണ്ടായിരുന്നു. എനിക്ക് ഒരു അഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അമ്പിളി അങ്കിളിനെ കാണുന്നത്. എന്റെ അമ്മ സ്വന്തം ആങ്ങളയെ പോലെയാണ് അങ്കിളിനെ കണ്ടുകൊണ്ടിരുന്നത്. അന്നുമുതല്‍ ഇന്ന് വരെ ഞാന്‍ അങ്കിളെ എന്നാണ് വിളിച്ചത്.

ഞങ്ങള്‍ ജോഡിയായിട്ട് അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്ന് ഭയങ്കര പ്രയാസമായിരുന്നു. പക്ഷെ എല്ലാവരും പറഞ്ഞു, ഇതൊക്കെ അഭിനയത്തിന്റെ ഭാഗമാണെന്ന്. പദ്മിനി ചേച്ചി പിന്നെ കുറേ ജോഡിയായി അഭിനയിച്ചതിന് ശേഷം ആളുകളുടെ മുന്നില്‍ അങ്കിളെയെന്ന് വിളിക്കില്ലായിരുന്നു.

ഒരു പടത്തിന്റെ ഷൂട്ടിങ്ങില്‍ അങ്ങനെ എല്ലാവരും വിളിക്കുന്ന പോലെ ഞാനും അമ്പിളി ചേട്ടായെന്ന് വിളിച്ചു. അമ്പിളി ചേട്ടനോ.. തന്തക്ക് ഒപ്പം വളരുമ്പോള്‍ തന്തയേക്കേറി അളിയാ എന്ന് വിളിക്കുമോയെന്ന് എല്ലാവരുടെ മുന്നില്‍ നിന്നും എന്നോട് പറഞ്ഞു. ഞാന്‍ ആകെ ചമ്മി വഷളായി. അതുകൊണ്ട് ഞാന്‍ ഇതുവരെ അങ്കിളെയെന്ന വിളി മാറ്റിയിട്ടില്ല,” ഉര്‍വശി പറഞ്ഞു.

content highlight: actress urvashi about Jagathy Sreekumar