| Tuesday, 5th April 2022, 5:02 pm

സിനിമ ഒരിക്കലും സിസ്റ്റമാറ്റിക്കല്ല, അത് ഒരു ചൂതാട്ടമാണ്: ഉര്‍വ്വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ സിസ്റ്റമാറ്റിക്കല്ലെന്നും മറിച്ച് അത് ചൂതാട്ടമാണെന്നും നടി ഉര്‍വ്വശി. അതേസമയം സിനിമ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചില ഗുണങ്ങളൊക്കെ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഉര്‍വ്വശി പറഞ്ഞു. ബിഹൈന്റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വ്വശി.

”സിനിമയില്‍ വന്നതിന്റെ ഗുണത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു ഉത്തരമാണുള്ളത്. ഒരു വിധം എല്ലാ ജോലികള്‍ക്കും മുന്‍കാല പരിചയം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൊണ്ടു പോകണം. ആ ജോലിക്ക് കൃത്യമായ ശമ്പളം, നിശ്ചിത സമയങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവും. സര്‍ക്കാര്‍ ഉദ്യോഗമായാലും സ്വകാര്യ ഉദ്യോഗമായാലും ഇങ്ങനെയാണ്. ആ ജോലി സിസ്റ്റമാറ്റിക്കാണ്.

എന്നാല്‍ സിനിമ ഒരിക്കലും സിസ്റ്റമാറ്റിക്കല്ല. ഇന്ന് ഇവിടെയാണെങ്കില്‍ നാളെ ചെന്നൈയിലായിരിക്കും. മറ്റന്നാള്‍ ചിലപ്പോള്‍ അമേരിക്കയിലോട്ട് പോയി അവിടെയായിരിക്കും. നമുക്ക് ഒന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റില്ല. അതുപോലെ സിനിമ എന്നത് ഒരു ചൂതാട്ടം കൂടിയാണ്’ ഉര്‍വ്വശി പറഞ്ഞു.

ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ സിനിമയില്‍ നിന്ന് കിട്ടുന്ന ഏറ്റവും വലിയ ഗുണം എന്താണെന്ന് പറയുകയാണെങ്കില്‍, പത്ത് പൈസ അങ്ങോട്ട് മുതല്‍ മുടക്കില്ലാതെ, അഡ്വാന്‍സ് പണം നല്‍കി, യാത്ര സൗകര്യവും, ഭക്ഷണവും, താമസ സൗകര്യവും തന്ന്, നമുക്ക് നല്ല കഥാപാത്രങ്ങളും തന്ന്, നമുക്ക് പേരും സൗജന്യമായി വാങ്ങിച്ച് തരുന്ന ഒരു മേഖലയാണ് സിനിമയെന്നതാണ്. മാത്രമല്ല ഈ ഒരു സമയത്ത് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. വേറെ ജോലികള്‍ക്കും ഇത് പറ്റില്ലല്ലോ.

ഇങ്ങനെ ഒരു ജോലി വേറെ എവിടെയും കിട്ടില്ല. പക്ഷേ ആ ഒരു ബോധം നമ്മുടെയുള്ളില്‍ ഉണ്ടാവണം. ഞാന്‍ കാരണമാണ് ഈ സിനിമ നടന്ന് പോകുന്നത് എന്ന ചിന്ത പാടില്ല. ഇതെല്ലാം എന്റെ അമ്മ പറഞ്ഞ് ഓര്‍മിപ്പിക്കുന്ന കാര്യങ്ങളാണ്. ഞാനില്ലെങ്കില്‍ സിനിമയില്ല എന്ന് ചിന്തിക്കരുത്, സിനിമയെ എനിക്കാണ് ആവശ്യം. ഈ ഒരു ചിന്ത നമ്മളില്‍ എപ്പോഴും ഉണ്ടാവണം,’ ഉര്‍വ്വശി പറഞ്ഞു.

ഉര്‍വ്വശിയെ കേന്ദ്രകഥാപാത്രമാക്കി സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. ജോയി മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്.

കെ.വി. സുബ്രഹ്‌മണ്യന്‍ സംഗീതം. കലാസംവിധാനം മനു ജഗത്തും പി.ആര്‍.ഒ. എ.എസ്. ദിനേശുമാണ്. ചിത്രത്തില്‍ ഉര്‍വ്വശിയെ കൂടാതെ, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Actress Urvashi About Cinema Industry

We use cookies to give you the best possible experience. Learn more