|

കലയെ എന്തിനാണ് മതത്തിന്റെ പേരില്‍ വിഭജിക്കുന്നത്, മുസ്‌ലിം നടന്‍, ഹിന്ദു നടന്‍ എന്നൊക്കെയുണ്ടോ? കങ്കണയോട് ഉര്‍ഫി ജാവേദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്‌ലിം അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ മറുപടിയുമായി നടി ഉര്‍ഫി ജാവേദ്. കലയെ എന്തിനാണ് മതത്തിന്റെ പേരില്‍ വിഭജിക്കുന്നതെന്ന് ഉര്‍ഫി ജാവേദ് ചോദിച്ചു.

‘മുസ്‌ലിം നടന്മാരും, ഹിന്ദു നടന്മാരും. എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരില്‍ വിഭജിക്കാനാകുമോ. അവിടെ അഭിനേതാക്കള്‍ മാത്രമേയുള്ളൂ,’ ഉര്‍ഫി ജാവേദ് ട്വീറ്റ് ചെയ്തു.

രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളെന്നും അവര്‍ക്ക് മുസ്ലിം താരങ്ങളോട് അഭിനിവേശമാണെന്നുമാണ് കങ്കണ റണാവത്ത് പറഞ്ഞിരുന്നത്. അതിനാല്‍ ഇന്ത്യയെ വെറുപ്പിന്റെ പേരിലും ഫാസിസ്റ്റ് രാജ്യമെന്നും ആക്ഷേപിക്കാനാവില്ലെന്നും കങ്കണ പറഞ്ഞിരുന്നു. പത്താന്‍ വിജയത്തെ കുറിച്ച് പ്രിയങ്ക ഗുപ്ത എന്ന യൂസറുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ വാക്കുകള്‍.

‘പത്താന്റെ വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും ആശംസകള്‍. ഇത് നാല് കാര്യങ്ങളാണ് തെളിയിക്കുന്നത്. 1) ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുപോലെ ഷാരൂഖിനെ സ്നേഹിക്കുന്നു, 2) ബോയ്‌കോട്ട് വിവാദങ്ങള്‍ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു 3) മികച്ച ഇറോട്ടിക് രംഗങ്ങളും മ്യൂസികും, 4) ഇന്ത്യയുടെ മതേതരത്വം,’ എന്നാണ് പ്രിയങ്ക ഗുപ്ത ട്വീറ്റ് ചെയ്തിരുന്നത്.

പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ആര്‍പ്പുവിളിക്കുന്ന പ്രേക്ഷകരുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റായിരുന്നു കങ്കണ പങ്കുവെച്ചിരുന്നത്.

‘വളരെ ശരിയായ നിരീക്ഷണം. ഈ രാജ്യം ഖാന്‍മാരെ സ്നേഹിച്ചിട്ടേയുള്ളൂ. ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രം, അവര്‍ക്ക് മുസ്‌ലിം താരങ്ങളോട് അഭിനിവേശമായിരുന്നു. അതിനാല്‍ ഇന്ത്യയെ വെറുപ്പിന്റെ പേരിലും ഫാസിസ്റ്റ് രാജ്യമെന്നും അധിക്ഷേപിക്കാനാവില്ല. ഭാരതത്തെ പോലൊരു രാജ്യം ലോകത്തെവിടെയുമില്ല,’ എന്നായിരുന്നു കങ്കണ എഴുതിയിരുന്നത്.

Content Highlight: Actress Urfi Javed responded to actress Kangana Ranaut’s statement