| Saturday, 29th May 2021, 4:49 pm

ആ സീന്‍ എടുത്തുകഴിഞ്ഞപ്പോല്‍ കലക്കിയെഡോ എന്ന് പറഞ്ഞ് ഷൈജു ഖാലിദ് വന്ന് കെട്ടിപ്പിടിച്ചു: ജോജി ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഉണ്ണിമായ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയിലെ ബിന്‍സി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ഉണ്ണിമായ പ്രസാദ്. ഏറെ തന്മയത്വത്തോടെ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഉണ്ണിമായ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ജോജിയുടെ ഷൂട്ടിങ്ങിനിടെ കിട്ടിയ അംഗീകാരത്തെ കുറിച്ച് പറയുകയാണ് ഉണ്ണിമായ പ്രസാദ്.

ഒരു സീന്‍ അഭിനയിച്ചുകഴിഞ്ഞ ഉടനെ ക്യാമറാമാന്‍ ഷൈജു ഖാലിദ് തന്നെ വന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിനെ കുറിച്ചാണ് ഉണ്ണിമായ പറയുന്നത്.

‘ജോജിയുടെ ക്യാമറാമാന്‍ ഷൈജു ഖാലിദ് അങ്ങനെ വെറുതെ നല്ലത്, മോശം എന്നൊന്നും പറയുന്ന ആളേയല്ല. പക്ഷേ പറഞ്ഞാല്‍ അത് നൂറ് ശതമാനവും ആത്മാര്‍ത്ഥമായിട്ടായിരിക്കും.

പോത്തനും ശ്യാം പുഷക്കരനുമൊക്കെ അന്തരീക്ഷമൊന്ന് ലൈറ്റ് ആക്കാന്‍ സമാധാനിപ്പിക്കുന്ന കൂട്ടത്തിലാണ്. ‘അപ്പന്‍ ചത്തുകാണണമെന്ന് ചേട്ടായിക്കും ആഗ്രഹമുണ്ടായിരുന്നില്ലേ ?’ എന്ന സീന്‍ എടുത്തു കഴിഞ്ഞപ്പോള്‍ ‘കലക്കിയെഡോ’ എന്ന് പറഞ്ഞ് ഷൈജു കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ആ അഭിനന്ദനം എനിക്കൊരു അമൂല്യ നിമിഷമായിരുന്നു’, ഉണ്ണിമായ പ്രസാദ് പറഞ്ഞു.

ജോജിയ്ക്ക് തിരക്കഥ എഴുതി തുടങ്ങിയ സമയത്തൊന്നും ബിന്‍സിയായി മനസില്‍ കണ്ടിരുന്നത് തന്നെ അല്ലായിരുന്നെന്നും മറ്റൊരു നടിയെ ആയിരുന്നെന്നും കഥ പകുതി എഴുതിക്കഴിഞ്ഞ ശേഷം മാത്രമാണ് ആ കഥാപാത്രം താന്‍ ചെയ്താല്‍ മതിയെന്ന് ദിലീഷ് പോത്തന്‍ പറയുന്നതെന്നും ഉണ്ണിമായ പ്രസാദ് നേരത്തെയും ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

‘ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്‍, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയിരുന്നു.

ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്‍ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു. ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി. ഞങ്ങളെല്ലാവരും ശ്യാമിന് പ്രചോദനം പകര്‍ന്നു.

പതിനാലുദിവസംകൊണ്ടാണ് ജോജിയുടെ ആദ്യപകുതി പൂര്‍ത്തിയാകുന്നത്. ആ സമയത്തൊന്നും ബിന്‍സി ഞാനായിരുന്നില്ല. ജ്യോതിര്‍മയി തന്നെയായിരുന്നു മനസില്‍. ആദ്യപകുതി രൂപപ്പെട്ടുകഴിഞ്ഞപ്പോള്‍ പോത്തന്‍ തീരുമാനിച്ചു ബിന്‍സി ഞാന്‍ ചെയ്താല്‍ മതിയെന്ന്. അപ്പോഴാണ് ബിന്‍സി ഞാനാണെന്ന് അറിയുന്നത്. തുടര്‍ന്നും ഞങ്ങള്‍ ജോജിയുടെ ജോലിയില്‍ മുഴുകി. എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി,’ ഉണ്ണിമായ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Unnimaya Prasad about Joji Movie Shooting Experiance

We use cookies to give you the best possible experience. Learn more