ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയിലെ ബിന്‍സി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ഉണ്ണിമായ പ്രസാദ്.
വളരെ കയ്യടക്കത്തോടെ അതിലേറെ തന്മയത്വത്തോടെ ബിന്‍സിയെ അവതരിപ്പിക്കാന്‍ ഉണ്ണിമായയ്ക്കായി. എന്നാല്‍ ജോജിയ്ക്ക് തിരക്കഥ എഴുതി തുടങ്ങിയ സമയത്തൊന്നും ബിന്‍സിയായി മനസില്‍ കണ്ടിരുന്നത് തന്നെ അല്ലായിരുന്നെന്നും മറ്റൊരു നടിയെ ആയിരുന്നെന്നും കഥ പകുതി എഴുതിക്കഴിഞ്ഞ ശേഷം മാത്രമാണ് ആ കഥാപാത്രം താന്‍ ചെയ്താല്‍ മതിയെന്ന് ദിലീഷ് പോത്തന്‍ പറയുന്നതെന്നും ഉണ്ണിമായ പ്രസാദ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്‍, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.
ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്‍ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു.ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി. ഞങ്ങളെല്ലാവരും ശ്യാമിന് പ്രചോദനം പകര്‍ന്നു.
പതിനാലുദിവസംകൊണ്ടാണ് ജോജിയുടെ ആദ്യപകുതി പൂര്‍ത്തിയാകുന്നത്. ആ സമയത്തൊന്നും ബിന്‍സി ഞാനായിരുന്നില്ല. ജ്യോതിര്‍മയി തന്നെയായിരുന്നു മനസില്‍. ആദ്യപകുതി രൂപപ്പെട്ടുകഴിഞ്ഞപ്പോള്‍ പോത്തന്‍ തീരുമാനിച്ചു ബിന്‍സി ഞാന്‍ ചെയ്താല്‍ മതിയെന്ന്. അപ്പോഴാണ് ബിന്‍സി ഞാനാണെന്ന് അറിയുന്നത്. തുടര്‍ന്നും ഞങ്ങള്‍ ജോജിയുടെ ജോലിയില്‍ മുഴുകി. എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി,’ ഉണ്ണിമായ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക