Entertainment news
ശ്യാമിനേക്കാള്‍ പോത്തണ്ണനോടാണ് ഞാന്‍ ഉപദേശങ്ങള്‍ ചോദിക്കുന്നത്; അദ്ദേഹത്തിന് ആളുകളുടെ പള്‍സ് അറിയാം: ഉണ്ണിമായ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 19, 10:50 am
Sunday, 19th March 2023, 4:20 pm

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഉണ്ണിമായയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. ഇപ്പോളിതാ മൂവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി ഉണ്ണിമായ. ഉണ്ണിമായയുടെ പങ്കാളിയാണ് ശ്യാം. തനിക്ക് പോത്തനോട് സൗഹൃദമാണെങ്കില്‍ ശ്യാമിനോട് പ്രണയമാണെന്നും എന്നാല്‍ പലകാര്യങ്ങളിലും ദിലീഷ് പോത്തനോടാണ് താന്‍ ഉപദേശം ചോദിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ശ്യാം തന്റെ വര്‍ക്കിന് വേണ്ടി റിസര്‍ച്ച് ചെയ്യുകയും ഏറെ സമയം അതിനുവേണ്ടി ചെലവഴിക്കുകയും ചെയ്യുന്നയാളാണെന്നും എന്നാല്‍ ദിലീഷ് കൂറച്ചുകൂടി സോഷ്യലാണെന്നും ഉണ്ണിമായ പറഞ്ഞു. അതുകൊണ്ട് ശ്യാമിനേക്കാള്‍ കൂടുതല്‍ അനുഭവ പരിചയമുള്ളത് ദിലീഷിനാണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘പോത്തനോട് സൗഹൃദമുണ്ടെങ്കില്‍ ശ്യാമിനോട് പ്രണയവുമുണ്ടല്ലോ. ശ്യാമും പോത്തനും നല്ല കൂട്ടുകാര്‍ തന്നെയാണ്. പക്ഷെ പല കാര്യങ്ങളിലും ഞാന്‍ പോത്തണ്ണന്റെ ഉപദേശങ്ങള്‍ എടുക്കാറുണ്ട്. ശ്യാമിനെക്കാള്‍ പോത്തണ്ണനോടാണ് ഞാന്‍ ഉപദേശങ്ങള്‍ തേടാറുള്ളത്. ശ്യാം അദ്ദേഹത്തിന്റെ വര്‍ക്കിന് വേണ്ടി റിസര്‍ച്ച് ചെയ്യുകയും ഏറെ സമയം അതില്‍ ചെലവഴിക്കുകയും ചെയ്യുന്ന ആളാണ്.

പോത്തന്‍ കുറച്ചൂടെ സോഷ്യല്‍ ആണ്. ഒരു നടനായത് കൊണ്ട് തന്നെ ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതും ആളുകളെ കാണുന്നതും പോത്തനാണ്. സൊസൈറ്റിയോട് കുറച്ച് കൂടെ ഇറങ്ങി നടന്ന് പെരുമാറുന്നത് പോത്തനായതുകൊണ്ട് തന്നെ എക്‌സ്പീരിയന്‍സ് ഫാക്ടര്‍ കൂടുതല്‍ പോത്തനായിരിക്കും. അദ്ദേഹത്തിനാണ് ആളുകളുടെ പള്‍സും എനര്‍ജിയുമൊക്കെ അറിയുന്നതും. പോത്തന്‍ ആക്ടര്‍ ആയി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ്.

എന്നെ സംബന്ധിച്ച് എനിക്ക് ഉപദേശങ്ങള്‍ എടുക്കാനും വിഷമങ്ങള്‍ ഒക്കെ തുറന്ന് പറയാനും പറ്റുന്ന ഒരാളാണ് ദിലീഷ് പോത്തന്‍. ശ്യാം പുഷ്‌കരനെ സപ്പോര്‍ട്ട് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിനോട് വല്ലാത്തൊരു ബഹുമാനമുണ്ട്,’ ഉണ്ണിമായ പറഞ്ഞു.

content highlight: actress unnimaya prasad about dileesh pothan