| Monday, 26th December 2022, 10:40 pm

അത്രയും നേരം ഇരുന്ന മോഹന്‍ലാല്‍ സാറിനെയായിരിക്കില്ല അപ്പോള്‍ കാണുക; അതാണ് ലാല്‍ സാറിന്റെ മാജിക്: തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് റാം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ എത്തുന്നത് തെന്നിന്ത്യന്‍ താരം തൃഷയാണ്. മോഹന്‍ലാലുമായി ഒന്നിച്ച് അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് തൃഷ.

മോഹന്‍ലാലിന്റെ വലിയ ഫാനാണ് താനെന്നും അദ്ദേഹം എപ്പോഴും നല്ല മൂഡില്‍ തമാശ പറഞ്ഞാണ് ഇരിക്കുകയെന്നുമാണ് താരം പറഞ്ഞത്. റാമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും തൃഷ സംസാരിച്ചു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മോഹന്‍ലാല്‍ സാറിന്റെ വലിയ ഫാനാണ് ഞാന്‍. ലാല്‍ സാര്‍ ഭയങ്കര ഫണ്‍ ആണ്. നല്ലൊരു ജെന്റില്‍ മാനാണ് അദ്ദേഹം. നടനെന്ന രീതിയിലും അദ്ദേഹം വളരെ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്.

വെറുതെ തമാശ പറഞ്ഞ് ഒരിടത്ത് ഇരിക്കുമ്പോള്‍ പെട്ടെന്നാണ് അദ്ദേഹത്തെ നീണ്ട ഷോട്ടിന് വിളിക്കുക. പക്ഷെ അത് ചെയ്യുമ്പോള്‍ അത്രയും നേരം ഇരുന്ന മോഹന്‍ലാല്‍ സാര്‍ ആയിരിക്കില്ല. അഭിനയിക്കുമ്പോള്‍ പൂര്‍ണമായും അതില്‍ അദ്ദേഹത്തിന്റെ ഫോക്കസ് ഉണ്ടായിരിക്കും. അതാണ് മോഹന്‍ലാല്‍ സാറിന്റെ മാജിക്ക്.

ലാല്‍ സാറില്‍ എനിക്ക് തോന്നിയ ഒരു കാര്യം, അദ്ദേഹം എപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുക. എപ്പോഴും നല്ല മൂഡിലാണ് അദ്ദേഹത്തെ കാണാന്‍ കഴിയുക. മുഖത്ത് ഇതുവരെ ഒരു ചെറിയ ഇറിറ്റേഷന്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ഭയങ്കര തമാശക്കാരനാണ് ലാല്‍ സാര്‍.

ജീത്തു ജോസഫിന്റെയും ലാല്‍ സാറിന്റെയും കോമ്പിനേഷന്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നു എന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

റാമിന്റെ പാര്‍ട്ട് വണ്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. അടുത്ത് തന്നെ റിലീസ് ചെയ്യും. പാര്‍ട്ട് 2 വിന്റെ പ്ലാനിങ്ങ് നടക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഷൂട്ടിങ്ങ് ആരംഭിക്കുക. കൊറോണ ആയത് കൊണ്ടാണ് അതെല്ലാം വൈകിയത്. ഒരു ഫോറിന്‍ ഷെഡ്യൂള്‍ കൂടെ കഴിഞ്ഞാല്‍ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കും,” തൃഷ പറഞ്ഞു.

content highlight: actress trisha about mohanlal

Latest Stories

We use cookies to give you the best possible experience. Learn more