അനിമല്‍ ചിത്രത്തിനെതിരെയും തന്റെ കഥാപാത്രമായ സോയക്കെതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടി തൃപ്തി ദിമ്രി. ആളുകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ സിനിമ പറയുന്ന ആശയത്തോട് യോജിക്കാനാവില്ലെങ്കില്‍ കാണരുതെന്നും തൃപ്തി പറഞ്ഞു. സിനിമയെ സിനിമയായി കാണണമെന്നും ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ തൃപ്തി പറഞ്ഞു.
‘സിനിമയെ സിനിമയായി കാണണം. യഥാര്‍ത്ഥ ജീവിതത്തില്‍ ആളുകള്‍ക്ക് പല ഷേഡുകളുണ്ട്. സിനിമയില്‍ അതും കാണിക്കേണ്ടി വരും. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ടവര്‍ ഉണ്ടാവാം. അവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അത് അവരുടെ കാഴ്ചപ്പാടാണ്. അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിനിമ കാണണമോ എന്നുള്ളതും ഒരു ചോയിസാണ്. യോജിക്കാനാവില്ലെങ്കില്‍ അത്തരം സിനിമകള്‍ കാണരുത്,’ തൃപ്തി പറഞ്ഞു.
തൃപ്തി അവതരിപ്പിച്ച കഥാപാത്രത്തോട് നായക കഥാപാത്രം ബൂട്ട് നക്കാനാവശ്യപ്പെടുന്ന രംഗം പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യത്തിനും തൃപ്തി മറുപടി നല്‍കി. ‘ആ രംഗത്തിന്റെ സ്വാധീനം വ്യക്തികള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒരു ആക്ഷന്‍ ചിത്രത്തില്‍ ഗുണ്ടകള്‍ നായകനെ തല്ലുന്ന രംഗമുണ്ടാവും. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാളെ പോയി തല്ലണമെന്നല്ല.
അതുപോലെ ഒരു സിനിമയില്‍ കാമുകിയോടോ ഭാര്യയോടോ ദേഷ്യപ്പെടുന്ന രംഗമുണ്ടെങ്കില്‍ അതൊരിക്കലും വീട്ടില്‍ പോയി അതുപോലെ നിങ്ങളുടെ ഭാര്യയോടോ കാമുകിയോടോ അങ്ങനെ സംസാരിക്കാനുള്ള ലൈസന്‍സാവുന്നില്ല,’ തൃപ്തി പറഞ്ഞു.
സന്ദീപ് വാങ്കാ റെഡ്ഡി സംവിധാനം ചെയ്ത അനിമലില്‍ രണ്‍ബീര്‍ കപൂറാണ് നായകനായത്. രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍, ശക്തി കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്.
Content Highlight: Actress Tripti Dimri reacted to the criticism against the movie Animal