ന്യൂദല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്‌സി പന്നു. പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് ദിഷ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് തപ്‌സി ട്വീറ്റ് ചെയ്തത്.
ദിഷക്കെതിരായ തെളിവുകളില്‍ വ്യക്തതയില്ലെന്നും അഹങ്കാരത്തിന് പോറലേല്‍ക്കുന്നതിന് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കര്‍ എഴുതിയ ട്വീറ്റ് തപസ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.
ദിഷയ്ക്ക് വിഘടനവാദി സംഘടനകളുമായുള്ള ബന്ധത്തിന് തെളിവില്ല. ചെങ്കോട്ട ആക്രമണത്തിലെ പ്രതികളുമായി ദിഷയ്ക്ക് ബന്ധമില്ലെന്നും കോടതി പറഞ്ഞു. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 20ന് കേസ് വിചാരണ നടത്തിയ കോടതി കേസില്‍ വിധി പറയാന്‍ 23ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ ദിഷയ്ക്ക് പിന്തുണയര്‍പ്പിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ജുള നഞ്ജയ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
‘ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നു. സത്യം എത്ര വൈകിയായാലും പുറത്തുവരിക തന്നെ ചെയ്യും. ദിഷയ്ക്ക് വേണ്ടി നിലകൊണ്ട എല്ലാവര്‍ക്കും നന്ദി. അവളെ ഒന്ന് കെട്ടിപ്പിടിക്കണം. വയറുനിറയെ ഭക്ഷണം വിളമ്പി കൊടുക്കണം. അതാണ് ഇപ്പോഴത്തെ ആഗ്രഹം’, ദിഷയുടെ അമ്മ പറഞ്ഞു.
പ്രതിസന്ധികള്‍ എത്രയൊക്കെ വന്നാലും എപ്പോഴും തങ്ങളുടെ മക്കളുടെ വാക്കുകള്‍ വിശ്വസിക്കണമെന്നും അവര്‍ക്കുവേണ്ടി എപ്പോഴും ഉറച്ചുനില്‍ക്കണമെന്നും ദിഷയുടെ അമ്മ പറഞ്ഞു.
ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ാം തിയ്യതി ബെംഗളൂരുവില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റാരോപിതരായ ടൂള്‍കിറ്റ് കേസില്‍ ശന്തനു മുകുളിന്റെയും നികിത ജേക്കബിന്റെയും അപേക്ഷകള്‍ ഇന്ന് കോടതി പരിഗണിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക