| Thursday, 10th June 2021, 5:27 pm

താരപദവി നോക്കിയൊന്നും ആരും ഇപ്പോള്‍ സിനിമ കാണില്ല, കണ്ടന്റ് നോക്കിയാണ് പ്രേക്ഷകന്‍ വരുന്നത്: തമന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ തിരക്കേറിയ അഭിനേതാക്കളിലൊരാളാണ് തമന്ന. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ച നടി കന്നടയിലും ബോളിവുഡിലും മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്.

ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും സീരിസുകളിലും കൂടി തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് തമന്ന. തമന്നയുടെ ദ ഇലവന്‍ത് അവര്‍, നവംബര്‍ സ്‌റ്റോറി എന്നീ വെബ് സീരിസുകള്‍ അടുത്ത കാലത്തായി റിലീസ് ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ മാറുന്ന സിനിമാസംസ്‌കാരത്തെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും താരപദവിയെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് മാറ്റത്തിന്റെ സമയമാണ് കടന്നുപോകുന്നതെന്ന് തമന്ന പറഞ്ഞത്.

സിനിമയോ വെബ് സീരിസോ, തിയേറ്ററോ ഒ.ടി.ടിയോ എന്ന തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് തമന്ന പറയുന്നു. തന്റെ കാര്യത്തില്‍ രണ്ട് സ്‌പേസുകളിലും അവസരം ലഭിച്ചുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പോലെ, ഇന്നത്തെ തലമുറയ്ക്ക് ആരാധകരെ നേടിയെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച്, മഹാമാരിയെ തുടര്‍ന്ന് സിനിമയോടുള്ള ആളുകളുടെ വികാരവും കാഴ്ചപ്പാടുകളുമെല്ലാം മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍.

സിനിമയെ കാണുന്ന രീതി തന്നെ മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ‘സ്റ്റാര്‍’ എന്ന പദവിയും മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെയും സീരിസുകളിലെയുമെല്ലാം കണ്ടന്റാണ് ആളുകള്‍ നോക്കുന്നത്. അല്ലാതെ, ഒരു നടനെയോ നടിയെയോ കാണാനായി ഇന്ന് ആരും സിനിമ കാണില്ല, തമന്ന പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Tamannaah about stardom in new digital era of cinema

We use cookies to give you the best possible experience. Learn more