മലയാളികളുടെ പ്രിയതാരമാണ് നടി ശ്വേത മേനോന്‍. 15ാമത്തെ വയസില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇന്നും സിനിമാ മേഖലയില്‍ സജീവമാണ്.
തന്നെ എയര്‍ഫോഴ്‌സില്‍ ചേര്‍ക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും അതിന് വേണ്ടി പരീക്ഷകള്‍ എഴുതിയെങ്കിലും അതിന് മുന്‍പ് തന്നെ സിനിമാലോകത്തേക്ക് താന്‍ എത്തിപ്പെട്ടെന്നും ശ്വേത പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടികയില്‍ പങ്കെടുക്കവേ തന്റെ കുട്ടിക്കാലത്തെ കുറിച്ചും സ്‌കൂള്‍ ജീവിതത്തെ കുറിച്ചും അന്നത്തെ ചില കുസൃതികളെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരുമറിയാതെ അച്ഛന്റെ ബൈക്കെടുത്ത് ഇറങ്ങിയതിനെ കുറിച്ചും ബൈക്ക് കൊണ്ടുപോയി പൊലീസ് സ്റ്റേഷന്റെ മതിലില്‍ ഇടിച്ചതിനെ കുറിച്ചുമൊക്കെയാണ് ശ്വേത മേനോന്‍ പറയുന്നത്.
‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞാനൊരു ടോം ബോയ് ആയിരുന്നു. കുട്ടികളെ അങ്ങോട്ട് ഇടിക്കുകയും തിരിച്ച് ഇടി വാങ്ങുകയും ചെയ്യുമായിരുന്നു. പലരേയും ഉന്തി വീഴ്ത്തിയിട്ടുണ്ട്. എന്നേയും വീഴ്ത്തിയിട്ടുണ്ട്. ഞാനൊരു ഗുണ്ടയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ചില കംപ്ലയിന്റുകള്‍ വീട്ടിലേക്ക് എത്തിയാല്‍ ഉടന്‍ തന്നെ കരയുന്നതായിരുന്നു എന്റെ രീതി.
ഇപ്പോഴും ഓര്‍മയുണ്ട്. എന്റെ ക്ലാസില്‍ ഒരു കുട്ടിയുണ്ട് വിജിത്ത്. ഞാന്‍ ഒരു ടേബിളില്‍ ചാരി നില്‍ക്കുമ്പോള്‍ അവന്‍ അത് വലിച്ചു. ഞാന്‍ നേരെ താഴെ വീണു. അവിടെ നിന്ന് എണീറ്റ് ഞാന്‍ അവനെ ഓടിച്ചിട്ട് ഇടിച്ചു. അന്നത്തെ വീഴ്ചയുടെ ബാക്ക് പെയ്ന്‍ എനിക്ക് ഇന്നും ഉണ്ട്. ഞാന്‍ അവനെ എപ്പോള്‍ കണ്ടാലും പറയും നീ കാരണമാണ് അതെന്ന്. അത് കേള്‍ക്കുമ്പോള്‍ അവന്‍ ചിരിക്കും. പിന്നെ സോറിയും പറയും, ശ്വേത മേനോന്‍ പറഞ്ഞു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന്റെ മതിലിടിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ, എന്തായിരുന്നു സംഭവമെന്ന ചോദ്യത്തിന് അത് സത്യമാണെന്നായിരുന്നു ശ്വേതയുടെ മറുപടി.
‘എനിക്ക് ബൈക്ക് ഓടിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. അച്ഛന് ബൈക്ക് ഉണ്ടായിരുന്നു. പക്ഷേ അച്ഛന്‍ എന്നെ മാത്രം പഠിപ്പിക്കില്ല. ബാക്കി കസിന്‍സിനെയൊക്കെ പഠിപ്പിക്കും. ഒരു ദിവസം അച്ഛന്‍ പുറത്തു പോയ സമയത്ത് ഞാന്‍ ബൈക്ക് എടുത്ത് ഇറങ്ങി. എനിക്ക് കണ്‍ട്രോള്‍ കിട്ടുന്നില്ല. അതൊരു അവധി ദിവസമായിരുന്നു. ഞാന്‍ നേരെ പോയി നടക്കാവ് പൊലീസ് സ്റ്റേഷന്റെ മതിലില്‍ കൊണ്ടുപോയി ഇടിച്ചു.
കോഴിക്കോട് ഉള്ള ആള്‍ക്കാര്‍ക്ക് അറിയാം. നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഒരു ജങ്ഷനിലാണ്. സിഗ്നലിന് അടുത്താണ്. ഒന്നാലോചിച്ച് നോക്കൂ. ഞാന്‍ നേരെ വന്ന് പൊലീസ് സ്റ്റേഷന്റെ ഉള്ളിലേക്കാണ് കയറിയത്. ഇടിച്ചുകഴിഞ്ഞ് ഞാന്‍ ബൈക്ക് അവിടെ ഇട്ടു. പൊലീസുകാര്‍ വന്ന് എന്നെ അകത്തോട്ട് കൊണ്ടുപോയി.
ആരാണ്, എന്താണ് പേര്, എവിടുന്നാണ് എന്നൊക്കെ ചോദിച്ചു. ഞാന്‍ അച്ഛന്റെ പേരും അഡ്രസുമൊക്കെ പറഞ്ഞു. അവര്‍ അച്ഛനെ വിളിപ്പിച്ചു. എന്നെ നേരെ വീട്ടിലേക്ക് വിട്ടു. പിന്നെ എന്താണ് സംഭവിച്ചതെന്നൊന്നും അറിയില്ല (ചിരി), ശ്വേത മേനോന്‍ പറഞ്ഞു.
എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു അച്ഛനെന്നും അക്കാലത്തൊക്കെ ഭയങ്കര സ്ട്രിക്ട് ആയിരുന്നു പുള്ളിയെന്നും ശ്വേത പറയുന്നു. ഫുള്‍ പട്ടാള റൂളുകളായിരുന്നു. 15 വയസുവരെ ഭയങ്കര സ്ട്രിക്ട് ആയിരുന്നു. പക്ഷേ അച്ഛനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ പൈലറ്റ് ആവണമെന്നും എയര്‍ഫോഴ്‌സില്‍ ചേര്‍ക്കണമെന്നൊക്കൊയിരുന്നു അച്ഛന്റെ ആഗ്രഹം, ശ്വേത പറഞ്ഞു.
Content Highlight: Actress Swetha Menon share her childhood memories and a bike accident