| Monday, 17th April 2023, 4:54 pm

രതിനിര്‍വേദത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ സ്‌കൂളിനും കോളേജിനും അവധിയായിരുന്നു, രതിചേച്ചിയെ കാണാന്‍ മതിലിന്റെ മുകളില്‍ കയറിയിരുന്നവര്‍ വരെയുണ്ടായിരുന്നു: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്വേത മേനോനെ നായികയാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് കളിമണ്ണ്. താരത്തിന്റെ യഥാര്‍ത്ഥ പ്രസവം സിനിമക്കുവേണ്ടി ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അതിന്റെ പേരില്‍ നിരവധി വിവാദങ്ങളുമുണ്ടായി. കളിമണ്ണില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശ്വേത മേനോന്‍. രതിനിര്‍വേദം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ ജീവിതത്തില്‍ എനിക്ക് തന്നതും അല്ലെങ്കില്‍ ഞാന്‍ അനുഭവിച്ചതുമായ ഏറ്റവും മനോഹരമായ സിനിമയാണ് കളിമണ്ണ്. ഒന്നാമത്തെ കാര്യം എന്റെ കുഞ്ഞ് വയറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്കുവേണ്ടി ഒരു പാട്ട് എഴുതുന്നു. അതും എന്റെ അമ്മാമ്മ ഒ.എന്‍.വി കുറുപ്പ് എഴുതിയ വരികള്‍. കുട്ടേട്ടന്‍(എം ജയചന്ദ്രന്‍) നല്‍കിയ സംഗീതം, ഇതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് വേണ്ടത്.

എല്ലാത്തിനേക്കാളും വലുത് എന്റെ കുഞ്ഞ് ജനിച്ചു എന്നത് തന്നെയാണ്. അന്ന് ഒരുപാട് വിമര്‍ശനങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്നാല്‍ അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം നടത്തിയ പ്രസ് കോണ്‍ഫ്രണ്‍സിലും ഞാന്‍ എന്തോ പറഞ്ഞിട്ടുണ്ട്. എന്താ പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ എന്തോ പറഞ്ഞിട്ടുണ്ട്.

വടികൊടുത്ത് അടിവാങ്ങും എന്നത് എന്റെ കാര്യത്തില്‍ ഉറപ്പാണ്. ധ്യാനിന്റെ ഇന്റര്‍വ്യു കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് ഞാന്‍ ലേഡി ധ്യാന്‍ ശ്രീനിവാസന്‍ ആണെന്ന്. ധ്യാനിന്റെ ഇന്റര്‍വ്യൂസ് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്.

അതുപോലെ തന്നെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് രതി നിര്‍വേദത്തിന്റെ ഷൂട്ടിങ് സെറ്റ്. മാവേലിക്കരയില്‍ വെച്ചിട്ടായിരുന്നു, ഷൂട്ടിങ് നടന്നത്. അന്ന അവിടുത്തെ സ്‌കൂളിനും കോളേജിനുമൊക്കെ അവധിയായിരുന്നു. അതുകൊണ്ട് പിള്ളേരെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. അവസാനം പൊലീസ് വരെ അവിടെ വന്നു.

ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും മതിലിന്റെ പുറത്ത്കയറി രതിചേച്ചിക്കുവേണ്ടി കാത്തിരിക്കുന്നു. ഉച്ചക്ക് ഊണ് കഴിഞ്ഞ് ഞാന്‍ പുറത്ത് വരുമ്പോള്‍ എല്ലാവരും പറയും ‘ഹാ രതിചേച്ചി’ എന്ന്. ഞാന്‍ ആഹാരം കഴിച്ച് എണീറ്റ് പോകുമ്പോല്‍ ‘അയ്യോ’ എന്ന് ഒരേപോലെ പറയുന്നതും കേള്‍ക്കാം. അതൊരു കോറസ് പോലെയായിരുന്നു,’ ശ്വേത മേനോന്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS SWETHA MENON ABOUT RATHINIRVEDHAM

We use cookies to give you the best possible experience. Learn more