| Monday, 21st February 2022, 11:46 am

'നീ പെണ്ണാണ് ഇതേപോലെ നില്‍ക്കണം, അതേപോലെ നില്‍ക്കണം' എന്ന് മകളോട് പറയില്ല: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും മനസുതുറന്ന് മലയാളത്തിന്റെ പ്രിയതാരം ശ്വേത മേനോന്‍. പെണ്‍കുട്ടിയായതുകൊണ്ട് ഒരിക്കലും മകള്‍ക്ക് മേല്‍ താന്‍ അനാവശ്യ നിയന്ത്രണങ്ങള്‍വെച്ചിട്ടില്ലെന്നും ഒരു നല്ല വ്യക്തിയായി മകള്‍ വളരണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ശ്വേത മേനോന്‍ പറയുന്നു.

‘സബൈന ആണ്‍കുട്ടിയെ പോലെ വളരുന്നു. താന്‍ പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓര്‍മ്മപ്പെടുത്തിക്കൊടുക്കുന്നത് ശരിയല്ലല്ലോ. ‘ നീ പെണ്ണാണ് ഇതേ പോലെ നില്‍ക്കണം, അതേപോലെ നില്‍ക്കണം’ എന്ന് ഞങ്ങളുടെ കുടുംബത്തില്‍ ആരും പറയാറില്ല.

സബൈന ആദ്യം നല്ല വ്യക്തിയാവട്ടെ എന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. സബൈന കുറച്ച് പഠിപ്പിസ്റ്റാണ്. നാലാം ക്ലാസില്‍ പഠിക്കുന്നു. അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ കുഞ്ഞെഴുത്തുകള്‍ ആളുകള്‍ കണ്ടു.നല്ല വായനയുണ്ട്. കുറച്ച് ബുദ്ധിജീവിയാണ്. എന്റെ അച്ഛന് ഇംഗ്ലീഷ് സാഹിത്യത്തില്‍ അവഗാഹമുണ്ടായിരുന്നു. ആ ആളിന്റെ കൊച്ചുമകളല്ലേ? ഒരു ഭാഗത്തുനിന്ന് നോക്കുമ്പോള്‍ വള്ളത്തോള്‍ കുടുംബത്തിലെ പേരക്കുട്ടി. അതിന്റെയൊക്കെ അനുഗ്രഹമുണ്ട്, ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത മേനോന്‍ പറയുന്നു.

ശ്രീയും താനും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വം അകന്നു നില്‍ക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റുചെയ്യാറില്ല. മകള്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ വേണ്ടികൂടിയാണ് അത്. അവള്‍ സ്വയം ഒരു സെലിബ്രറ്റി ആയി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ട, ശ്വേത പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും അഭിമുഖത്തില്‍ ശ്വേത പറയുന്നു. ‘ഞാന്‍ ഒരു സെലിബ്രിറ്റിയും, സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക’, ശ്വേത പറയുന്നു.

സോഷ്യല്‍മീഡിയ ഇടക്കിടെ തനിക്ക് ഡിവോഴ്സ് വാങ്ങിത്തരാറുണ്ടെന്നും താന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതെന്നും ശ്വേത മേനോന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പിന്നെ ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും ശ്വേത പറയുന്നു.

നല്ല വാര്‍ത്തകള്‍ മാത്രമേ വരികയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം സത്യമാണോ എന്ന് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ, ശ്വേത പറയുന്നു.

Content Highlight: Actress Swetha Menon About Daughter Sabaina

Latest Stories

We use cookies to give you the best possible experience. Learn more